വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ബസ് കണ്ടക്ടര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം

കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിന്കണ്ടി ചിറയില്‍ ബസ് കണ്ടക്ടര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. ബസ് അടിച്ചു തകര്‍ത്തു. കണ്ണൂര്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരേ ചക്കരക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ചക്കരക്കല്‍ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 13ന് രാത്രി കരിക്കിന്കണ്ടിചിറയിലാണ് സംഭവം. ബസില്‍ കയറിയ വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും കണ്ടക്ടറോട് ചോദിക്കാന്‍ ചെന്നതോടെയാണ് സംഭവത്തിന് തുടക്കം. ഇതിനിടെ പെണ്‍കുട്ടിയെ കണ്ടക്ടര്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി നാട്ടില്‍ പടരുകയും ചെയ്തു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനിടെ ഒരുകൂട്ടം ആളുകളെത്തി ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം ബസും ആക്രമിച്ചു. ബസിന്റെ ഗ്ലാസുകളടക്കം അടിച്ചു തകര്‍ത്തു. ഇതിനിടെ ചിലര്‍ അക്രമദൃശ്യങ്ങള്‍ ഫോണിലെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

ആള്‍ക്കൂട്ട ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ചക്കരക്കല്‍ പോലീസ് സ്വമേധയാ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു. അക്രമിക്കുന്ന ദൃശ്യങ്ങള്‍ നോക്കി പോലീസ് പ്രതികളില്‍ ചിലരെ പിടികൂടിയിട്ടുണ്ട്. പള്ളിപ്രം മേഖലകളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചക്കരക്കല്‍ പോലീസ് അറിയിച്ചു.

