വിഴിഞ്ഞം തുറമുഖം: നിർമ്മാണം നിർത്തിവെക്കുന്ന പ്രശ്‌നമില്ല, അഴിമതി വേറെ അന്വേഷിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പേരില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരാരില്‍ അഴിമതി നടന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടക്കും. അതോടൊപ്പം തുറമുഖ നിര്‍മാണവും നടക്കും.
അന്വേഷണത്തിന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഏതെങ്കിലും അഴിമതിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആ പഴുത് അടയ്ക്കും. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാഥാര്‍ഥ്യമായാല്‍ ചരക്കു നീക്കത്തിന്റെയും കപ്പല്‍ വ്യവസായത്തിന്റെയും അന്താരാഷ്ട്ര ഹബ്ബായി കേരളം മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള ബര്‍ത്ത് നിര്‍മാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിക്കാവശ്യമായ തിരുവനന്തപുരം നാഗര്‍കോവില്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കും. കേന്ദ്ര അനുമതി ലഭിച്ചാല്‍ റെയില്‍പാതക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങും. 220 കെവി വൈദ്യതി ലഭ്യമാക്കാനുള്ള പദ്ധതിയും കുടിവെള്ള പ്ളാന്റും വേഗത്തില്‍ പൂര്‍ത്തീകരിക്കും. തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനകരമായ രീതിയിലാകും കുടിവെള്ള പ്ളാന്റ് തയ്യാറാക്കുക. വിഴിഞ്ഞം പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയ നാട്ടുകാരെ മുഖ്യമന്ത്രി യോഗത്തിൽ പ്രത്യേകം പ്രശംസിച്ചു.
