വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രകന്‍ കീഴടങ്ങി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതിയും ആസൂത്രകനുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സിനു(ഡി.ആര്‍.ഐ) മുന്‍പാകെയാണ് വിഷ്ണു സോമസുന്ദരം കീഴടങ്ങിയത്. വിഷ്ണു ഈ മാസം 17നകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരുമായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് വിഷ്ണു. വിഷ്ണുവിന്റെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തും. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വിഷ്ണുവിന്റെയും സുഹൃത്ത് ജിത്തുവിന്റെയും നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്തിയതായി ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.

കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടതും വിഷ്‌ണുവായിരുന്നു. വിഷ്‌ണുവിന്റെ സുഹൃത്ത് പ്രകാശന്‍ തമ്ബിയും സ്വര്‍ണക്കടത്ത് പ്രതിയാണ്. ദുബായില്‍ നിന്ന് 25കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്ന സെറീനയും വിഷ്‌ണുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. സ്വര്‍ണം കടത്തുന്നവര്‍ക്കുള്ള പ്രതിഫലം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ വിഷ്ണുവാണ് നോക്കിയിരുന്നത്. സൂപ്രണ്ടിന്റെ ഫോണില്‍ വിഷ്‌ണുവിന്റെ നിരവധി വിളികള്‍ എത്തിയതായും ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്.

