വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയെങ്കിലും തീരദേശ റോഡ് തകർന്ന നിലയിൽ തന്നെ


കൊയിലാണ്ടി: കാപ്പാട് ബീച്ചിൽ വിനോദ സഞ്ചാരികളെത്തിതുടങ്ങിയെങ്കിലും തീരദേശ ദേശ റോഡ് പൊട്ടിപൊളിഞ്ഞ നിലയിൽ തന്നെ. മൂന്ന് മാസം മുമ്പ് ഉണ്ടായ കനത്ത മഴയിലാണ് റോഡ് തകരുകയും മിക്കയിടത്തും കടൽ ഭിത്തി കടലെടുക്കുകയും ചെയ്തത്. ടൂറിസം മന്ത്രിയും എം.എൽ.എയും സ്ഥലം സന്ദർശിക്കുകയും പെട്ടെന്ന് തന്നെ പുനർ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടികളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. ബ്ലു ഫ്ലാഗ് ബീച്ച് ആയതോടെ നാട്ടുകാരും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഇവിടെയ്ക്ക് എത്താറുണ്ട്. റോഡിന്റെ തകർച്ച ടൂറിസത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റോഡരികിലുള്ള ചെറു കച്ചവടക്കാർ ഉൾപ്പെടെ നാട്ടുകാർ പറയുന്നത്.

ദേശീയപാതയിൽ തിരുവങ്ങൂരിനും കൊയിലാണ്ടിയ്ക്കും ഇടയിൽ വാഹന ഗതാഗതത്തിന് പ്രയാസമുണ്ടാവുമ്പോൾ തീരദേശ റോഡ് വഴിയാണ് വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത്. ഇതിനും സാധ്യമല്ലാത്ത അവസ്ഥയിലാണ് കാപ്പാട് ബീച്ച് റോഡ്. ചെറു വാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ പോകാൻ കഴിയുകയുള്ളൂ. കൊല്ലം പാറപ്പള്ളി മുതൽ കാപ്പാട് വരെ കടലാക്രമണം ശക്തമാണിപ്പോൾ. തീരപ്രദേശത്ത് ജീവിക്കുന്ന വർ വലിയ ആശങ്കയിലാണ്. ഫിഷിംഗ് ഹാർബർ പുലിമുട്ട് വന്നതിനെ തുടർന്ന് കടലാക്രമണം വടക്കോട്ടും തെക്കോട്ടും നീങ്ങിയിരിക്കയാണ്. ഇത് പരിഹരിക്കാൻ ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും തീരദേശവാസികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. പൊയിൽ ക്കാവ് മുതൽ തുവ്വപ്പാറവരെ ചെറിയ ഒരു ഭാഗത്ത് മാത്രമാണ് പുനർനിർമ്മാണം നടന്നത്.


