വിദ്യാർത്ഥിനികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുകയും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്തെന്ന് ആരോപിച്ച് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിൻഫിൽ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വി.രേഷ്മ, എം. ആതിര, ഷിറ്റിഷ, കീർത്തിമ, സി.പി. ആതിര എന്നിവരാണ് സമരം നടത്തുന്നത്.
പണവും സർട്ടിഫിക്കറ്റും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായി കലക്ടർക്കും ജനപ്രതിനിധികൾക്കും പോലീസ് മേധാവികൾക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് നിരാഹാരമാരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, യുവമോർച്ച ജനറൽ സെക്രട്ടറി ബി. ദിപിൻ,കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഹാൽ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി മിദ്‌ലാജ്, എ.ഡി.എസ്.ഒ സംസഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷിബു എന്നിവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ചനടത്തുമെന്നു് എ.ഡി.എം അറിയിച്ചു.

