വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
2017-ല്‍ തലശ്ശേരിയിലെ ഒരു സ്കൂളില്‍ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍റെ ഇടപെടല്‍. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഫോണ്‍ നിരോധനം കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശം.

12 വരെയുള്ള ക്ലാസുകളില്‍ നിലവില്‍ ഫോണ്‍ ഉപയോഗത്തിനു വിദ്യാഭ്യാസവകുപ്പിന്‍റെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സര്‍ക്കുലറുണ്ട്. എന്നാല്‍ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. സ്കൂളുകള്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു.

