വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയപൂര്‍ണമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

തിരുവന്തപുരം: വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയപൂര്‍ണമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. വിദ്യാലയങ്ങളെ ജനകീയമാക്കി വളര്‍ത്തി പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്നതാണു സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കണ്വന്ഷന് സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയന വര്‍ഷം ഈ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലെത്തുമെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. മതിയായ കുട്ടികളില്ലാത്ത സ്കൂളുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ ജനകീയ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യണം. ജനങ്ങളെ പങ്കെടുപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. അങ്ങനെയായാല്‍ മാറ്റങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ പിന്തുണയുണ്ടാകും.

സ്കൂളുകളില്‍ അധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകാതിരിക്കാന്‍ പഞ്ചായത്തുകള്‍ ജാഗരൂകരായിക്കണം. സ്ഥിരം അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ ഉടന്‍ നിയമിക്കണം. ഇത് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആക്കിയിട്ടുണ്ട്. ചില സ്കൂളുകളില്‍ പല കാരണങ്ങള്‍കൊണ്ടും ഈ സംവിധാനം പൂര്‍ണ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഭൗതിക സാഹചര്യങ്ങളുടെ കുറവുമൂലമാണ് ഇങ്ങനെവന്നിട്ടുള്ളത്. ഇതും പഞ്ചായത്തുകള്‍ ഇടപെട്ടു പരിഹരിക്കണം. എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആയി എന്ന് ഉറപ്പുവരുത്തേണ്ടത് കടമയായി കാണാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണം.

എല്‍.പി, യു.പി. സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും പഞ്ചായത്തുകളുടെ പിന്തുണ വിദ്യാഭ്യാസ വകുപ്പിനു വേണമെന്നു മന്ത്രി പറഞ്ഞു. ഓരോ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാന്‍ എന്തൊക്കെയാണു വേണ്ടതെന്ന് പഞ്ചായത്തുകള്‍ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചാല്‍ വകുപ്പ് അതിനുള്ള തുടര്‍ നടപടികള്‍ ചെയ്യും. ഹൈടെക് ക്ലാസ് ഒരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനു പരിമിതികളുണ്ടെങ്കില്‍ പഞ്ചായത്തുകള്‍ ഇടപെടണം. അടച്ചുറപ്പുള്ള മുറികള്‍, അറ്റകുറ്റപ്പണി, ഇലക്ട്രിഫിക്കേഷന് തുടങ്ങിയവ ഉറപ്പുവരുത്താന്‍ പഞ്ചായത്തുകള്‍ക്ക് ഏറെ സഹായം നല്‍കാനാകും.

500ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളുടെ കെട്ടിടം നവീകരിക്കുന്നതിന് കിഫ്ബിയില്പ്പെടുത്ത ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിരേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഇതു മുന്നില്‍ക്കണ്ട് തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂളുകളില്‍ പഞ്ചായത്തുകള്‍ പരിശോധന ആവശ്യങ്ങള്‍ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് തയാറാക്കണം. ഒരു പഞ്ചായത്തില്‍ ഒരു സ്കൂളിലെങ്കിലും മെച്ചപ്പെട്ട ലാബും ലൈബ്രറിയുമുണ്ടാകണം.
ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉറപ്പാക്കണം. 33 ശതമാനം ഹരിതാവരണം എല്ലാ സ്കൂളുകളിലുമുണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൃഷി, വനം വകുപ്പുകളുമായി ബന്ധപ്പെട്ട് ഇതു പൂര്‍ത്തിയാക്കാനുള്ള നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
