വിദേശ വനിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് സ്നേഹസംഗമം

തിരുവനന്തപുരം: കോവളത്ത് കൊലപ്പെട്ട വിദേശ വനിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് തലസ്ഥാനത്ത് സ്നേഹസംഗമം. യുവതിയോടും കുടുംബത്തോടും കേരളത്തിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞു. സഹായിച്ച എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.
”സ്നേഹത്തിന്റെ പര്യായമായിരുന്നു അവള്‍… ഒരിക്കലും വറ്റാത്ത നന്മയുടെ ഉറവ… ഓര്‍മ്മകളിലൂടെ അവള്‍ എന്നും ജീവിക്കും””. കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയുടെ വാക്കുകള്‍ വേദനയോടെയാണ് നിശാഗന്ധിയില്‍ ഒത്തുചേര്‍ന്നവര്‍ കേട്ടത്. മെഴുകുതിരി കത്തിച്ചും പൂക്കള്‍ അര്‍പ്പിച്ചുമാണ് സ്നേഹസംഗമം ഒരുക്കിയത്. ലാത്വിയന്‍ യുവതിയുടെ ഓര്‍മ്മ നിലനിര്‍ത്താനായി നിശാഗന്ധിക്ക് സമീപം കുടുംബാംഗങ്ങള്‍ മരം നട്ടു. ലാത്വിയന്‍ എംബസ്സി പ്രതിനി അന്നാ വട്ടേരയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

സംഗീത സാന്ദ്രമായിരുന്നു അനുസ്മരണ യോഗം. കൊല്ലപ്പെട്ട യുവതിക്ക് ഏറെ പ്രിപ്പെട്ട ബലേബഹാര്‍ സംഗീതജ്ഞന്‍ നവീന്‍ ഗന്ധര്‍വ് മുംബൈയില്‍ നിന്നെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളും യുവതിയുടെ ചിതാഭസ്മവുമായി കുടുംബാഗംങ്ങള്‍ ഈ ആഴ്ച്ച നാട്ടിലേക്ക് മടങ്ങും.

