വിദേശ പാനീയങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി കേരളത്തിലെ വ്യാപാരികള്‍

കോഴിക്കോട്: കൊക്കക്കോള, പെപ്സി തുടങ്ങിയ വിദേശ പാനീയങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി കേരളത്തിലെ വ്യാപാരികള്‍. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി അധ്യക്ഷന്‍ ടി.നസിറുദ്ദീന്‍ പറഞ്ഞു.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണു ബഹിഷ്കരണം. പ്രഖ്യാപനമുണ്ടാകുന്നതോടെ സംസ്ഥാനത്തെമ്പാടുമുള്ള ഏഴുലക്ഷത്തോളം വ്യാപാരികള്‍ ഇവയുടെ വില്പന നിര്‍ത്തിവയ്ക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.

കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പ്പന നടത്തും. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും വ്യാപാരികള്‍ നേരത്തെ കൊക്കക്കോള, പെപ്സി എന്നിവയുടെ വില്പന നിര്‍ത്തിയിരുന്നു. ഇത്തരം ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്നു അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നസിറുദ്ദീന്‍ പറഞ്ഞു.

