KOYILANDY DIARY.COM

The Perfect News Portal

‘വികസന മിഷന്‍ 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് സമാപിച്ചു

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച ‘വികസന മിഷന്‍ 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് സമാപിച്ചു. എട്ടു ദിവസം നീണ്ട മേളയില്‍ പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് പേരാമ്ബ്ര ടൗണിലെത്തിയത്. ഏപ്രില്‍ ആറിന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച ഫെസ്റ്റിന്റെ സമാപന സമ്മേളനം ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു.

മണ്ഡലം എംഎല്‍എയും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ എല്ലാ സ്കൂളുകളും അടുത്ത അധ്യയന വര്‍ഷാവസനത്തോടെ ഹൈടെക് ആക്കുമെന്നും പേരാമ്പ്ര  കോളേജും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര് ഒരു കോടി ചെലവില്‍ നവീകരിക്കുന്ന പ്രവൃത്തി രണ്ടു മാസത്തിനകം തുടങ്ങുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഒരു പൊതു മേഖല സ്ഥാപനത്തിന്റെ സിഎസ്‌ആര്‍ ഫണ്ട്‌ ഉപയോഗിച്ചാണ് പദ്ധതി.

Advertisements

നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചിരുന്നത്. നൃത്ത- ഹാസ്യ- ഗാന വിരുന്ന് അടങ്ങിയ മെഗാ ഷോയോടെയാണ് മേള സമാപിച്ചത്. നടി സുരഭി ലക്ഷ്മി, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം എ. കെ ബാലന്‍, മുന്‍ എം.എല്‍.എ മാരായ എ.കെ പദ്മനാഭന്‍ മാസ്റ്റര്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് മാസ്റ്റര്‍, എസ്.കെ സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള ജനകീയ വികസന മുന്നേറ്റത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ഫെസ്റ്റ് എന്ന പേരില്‍ ആരോഗ്യ- കാര്‍ഷിക- വിദ്യാഭ്യാസ- വ്യവസായിക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചത്. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതടക്കം ശീതീകരിച്ച 158 സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു. അഞ്ച് വേദികളിലായാണ് ഫെസ്റ്റ് നടന്നത്. വികസന മുന്നേറ്റത്തിന്റെയും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുത്തന്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഫെസ്റ്റില്‍ അവസരം ഒരുക്കിയിരുന്നു.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റര്‍ സ്റ്റാളില്‍ ഒരുക്കിയ തൊഴില്‍ മേള ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നായി. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ 500 ഓളം പേര്‍ക്കുള്ള തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമായിരുന്നു.

പേരാമ്പ്രയുടെ വികസന മുന്നേറ്റത്തിലേക്ക് വെളിച്ചം വീശുന്ന ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശന സ്റ്റാളും ഡോക്യുമെന്ററി പ്രദര്‍ശനവും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ വിതരണവും മേളയില്‍ ഒരുക്കിയിയിരുന്നു. എക്‌സൈസ്‌, ഫാക്ടറിസ് ആന്‍ഡ് ബോയിലേഴ്‌സ്, റീജിയണല്‍ പൗള്‍ട്രി ഫാം, ഐ-പി.ആര്‍.ഡി, ജി.എച്ച്‌. എസ്.എസ് മേപ്പയ്യൂര്‍ എന്നിവയുടെ സ്റ്റാളുകള്‍ക്ക് മികച്ച പവിലിയനുകള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *