വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിച്ച് എസ്.ഐയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് പേരൂര്‍ക്കട എസ്.ഐ ശ്രീകാന്തിന് (35) ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകാന്തിനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ ശ്രീകാന്ത് ഐ.സി യൂണിറ്റില്‍ നിരീക്ഷണത്തിലാണ്.
ഇന്നലെ രാത്രി 11.35ന് അമ്ബലമുക്കില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. അമിതവേഗത്തില്‍ ബൈക്ക് വരുന്നതുകണ്ട് എസ്.ഐ കൈകാണിച്ചു. എന്നാല്‍, നിറുത്താതെ എസ്.ഐയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് എസ്.ഐ റോഡില്‍ തലയടിച്ച് വീണു. ഇടിയെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്കും റോഡില്‍ മറിഞ്ഞു. ബൈക്ക് ഓടിച്ച വേറ്റിക്കോണം സ്വദേശി ആഷിക്കും (20) ഒപ്പമുണ്ടായിരുന്ന ഗോകുലും(21) തെറിച്ചുവീണു.

ഗോകുലിന് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ് നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ എസ്.ഐയെയും ഗോകുലിനെയും ആഷിക്കിനെയും പൊലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നെറ്റിയില്പന്ത്രണ്ടോളം തുന്നലിടേണ്ടി വന്ന എസ്.ഐയുടെ പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്രി.

ഗോകുലിനെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ആഷിക്കിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

