വാഹനാപകടം മന:പൂര്‍വ്വമെന്ന് സംശയിക്കുന്നതായി ഹനാന്‍

ഹനാൻ ഇന്ന് മലയാളികളുടെ മാനസപുത്രിയാണ്. ഉപജീവനത്തിനായി മീൻ വിൽക്കേണ്ടി വന്ന കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സഹായിക്കാൻ മലയാളികൾ ഒന്നാകെ മുമ്പോട്ട് വന്നു. തനിക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളിൽ വലിയൊരു പങ്കും ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകിയത്.
അതുകൊണ്ടൊക്കെ തന്നെയാണ് ഹനാൻ വാഹനാപകടത്തിൽപെട്ട വാർത്ത മലയാളികൾ ഞെട്ടലോടെ കേട്ടത്. അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഹനാനിപ്പോൾ. എന്നാൽ അപകടവുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങളുണ്ടെന്നാണ് ഹനാൻ പറയുന്നത്. ഇതിനിടെ ആശുപത്രിക്കിടക്കയിൽ ചില സന്തോഷങ്ങളും ഹനാനെ തേടിയെത്തിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് മൂന്ന് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. സുഹൃത്തിന്റെ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ക്ഷീണം തോന്നിയതുകൊണ്ട് പുറകിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു ഹനാൻ.

ഇതിനിടയിൽ ഒരാൾ കാറിന് കുറുകെ ചാടി. അയാളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ കാർ എതിർഭാഗത്തേയ്ക്ക് വെട്ടിച്ച് മാറ്റി. അപ്പോഴേക്കും കാറിന്റെ വീൽ റോഡിൽ നിന്നും തെന്നി മാറിയിരുന്നു. മുന്നോട്ടെടുക്കാൻ നോക്കിയപ്പോൾ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം തന്നെ മനപൂർവ്വം ആരോ അപകടത്തിൽപെടുത്തിയതാണോ എന്ന് സംശയമുള്ളതായി ഹനാൻ പറയുന്നത്. വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ മൊഴിയിലും ചില പൊരുത്തക്കേടുകൾ തോന്നിയതായും ഹനാൻ പറയുന്നു.


അപകടം നടന്ന ഉടൻ തന്നെ ഒരു ഓൺലൈൻ മാധ്യമം ആശുപത്രിയിലേക്ക് പറന്നെത്തുകയായിരുന്നു. അവരുടെ എക്സ്ക്ലൂസീവ് വാർത്തയെന്ന് പറഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന തന്റെ വീഡിയോ എടുക്കുകയായിരുന്നുവെന്ന് ഹനാൻ പറയുന്നു.
തന്റെ അനുവാദം പോലും ചോദിക്കാതെയാണ് അവർ വീഡിയോ എടുത്തത്. താനിതുവരെ പേരുപോലും കേട്ടിട്ടില്ലാത്ത ഒരു ഓൺലൈൻ മാധ്യമമാണത്. അപകടം നടന്ന ഉടൻ തന്നെ അവർ എങ്ങനെ ആശുപത്രിയിൽ എത്തിയെന്ന് മനസിലാകുന്നില്ലെന്നും ഹനാൻ പറയുന്നു.
രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. ഈ സമയത്ത് ആരാണ് ഇവരെ വിളിച്ചുവരുത്തിയത് എന്ന് അറിയില്ല. തന്റെ സമ്മതം ചോദിക്കാതെ അവർ ഫേസ്ബുക്ക് ലൈവിട്ടു. ഇപ്പോൾ ഇവർ തന്നെ ശല്യം ചെയ്യുകയാണെന്നും ഹനാൻ പറയുന്നു.

വാഹനമോടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് ഹനാൻ പറയുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയിരുന്നെന്ന് ആശുപത്രി അധികൃതരും പറയുന്നു.
മുമ്പ് പറഞ്ഞ പലകാര്യങ്ങളും ഡ്രൈവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് ഹനാൻ പറയുന്നു. താൻ സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നു, ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും പെൺകുട്ടി പറയുന്നു. ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടല്ലുള്ളത്. ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
ആശുപത്രിക്കിടക്കയിലും ചില സന്തോഷങ്ങൾ ഹനാനെ തേടിയെത്തിയിട്ടുണ്ട്. വാപ്പ ഹമീദ് ഹനാനെ കാണാനായി എത്തി. ഹനാനെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ വാപ്പ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എങ്കിലും നേരിട്ട് വരുന്നത് ആദ്യമാണ്.
