KOYILANDY DIARY.COM

The Perfect News Portal

വായ്പ തിരിച്ചടവിനായി പുതുതന്ത്രവുമായി ബാങ്കുകള്‍

ഇടുക്കി: കാര്‍ഷിക വായ്പ മൊറട്ടോറിയം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ വായ്പ തിരിച്ചടവിനായി പുതുതന്ത്രവുമായി ബാങ്കുകള്‍. വായ്പ എടുത്തവരുടെ വീടുകളില്‍ സൗഹൃദ സന്ദര്‍ശനമെന്ന പേരിലെത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. മൊറട്ടോറിയം ഉത്തരവ് വൈകിയാല്‍ ബാങ്കുകള്‍ വീണ്ടും ജപ്തി നോട്ടീസുകള്‍ അയക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

പ്രളയാനന്തര ഇടുക്കിയില്‍ കാര്‍ഷിക വിളകള്‍ നശിച്ചതും വിലത്തകര്‍ച്ചയും നിമിത്തം വായ്പ തിരിച്ചടവ് മുടങ്ങിയ 15,000ത്തോളം പേര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് അയച്ചത്. ബാങ്കുകളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ എട്ട് പേര്‍ ആത്മഹത്യ ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ബാങ്കേഴ്സ് സമിതി വിളിച്ച്‌ ചേര്‍ത്തു. കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാല്‍ ഉത്തരവിറങ്ങിയില്ല. ഇതോടെ വായ്പ തിരിച്ച്‌ പിടിക്കുന്നതിനുള്ള പുതുതന്ത്രം പയറ്റുകയാണ് ബാങ്കുകള്‍.

ഉദ്യോഗസ്ഥരെ പഴിചാരാതെ മൊറട്ടോറിയം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാ‍ര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇല്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായേക്കുമെന്ന ഭീതിയും ഇവര്‍ പങ്കുവയ്ക്കുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *