വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്ക്കു സമീപം മക്കിയാട് 12-ാം മൈല്‍ മൊയ്തുവിന്റെയും ആയിഷയുടേയും മകന്‍ ഉമ്മറിനെയും(28) ഭാര്യ ഫാത്തിമ(20)യെയുമാണ് വെള്ളിയാഴ്ച രാവിലെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൂന്നുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ഉമ്മറിന്റെ മാതാവ് ആയിഷ രാവിലെ എട്ടുമണിയോടെ ഇവരുടെ വീട്ടിലെത്തിയിരുന്നു. വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്തുതന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മ താമസിക്കുന്നത്. വെട്ടിക്കൊലപ്പെടുത്തിയനിലയില്‍ മകന്റേയും മരുമകളുടേയും മൃതദേഹങ്ങള്‍ കണ്ട ഉമ്മ ബോധരഹിതയായി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ക്കു ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ട്. അതിനാല്‍ മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തിലാണു പോലീസ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

