വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി

തിരുവനന്തപുരം: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി ലഭിച്ചതോടെ കാപ്പി കര്‍ഷകര്‍ പ്രതീക്ഷയില്‍. വയനാടന്‍ കാപ്പിക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനും വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാനും അംഗീകാരം വഴിവയ‌്ക്കും. വയനാട്ടിലെ കാപ്പിക്കൃഷിയുടെ പ്രോത്സാഹനത്തിന് വിപുലമായ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതിനിടെയാണ‌് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന‌് കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പിന്റെ അംഗീകാരം. വയനാടന്‍ കാപ്പി ബ്രാന്‍ഡ‌് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന‌് പിന്നാലെയാണിത‌്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദനം നടക്കുന്നത് വയനാട്ടിലാണ‌്. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക് ഈ വര്‍ഷം ആദ്യമാണ‌് ഉദ്ഘാടനം ചെയ്തത‌്. വാര്യാട് എസ്റ്റേറ്റിലെ 100 ഏക്കറിലാണ് കോഫി പാര്‍ക്ക്. പദ്ധതിയുടെ ആദ്യപടിയായി കര്‍ഷകരുടെ സഹായത്തോടെ ഒന്നരലക്ഷം കാപ്പിത്തൈകള്‍ വച്ചുപിടിപ്പിക്കാനാണ‌് ലക്ഷ്യമിടുന്നത‌്. പരിസ്ഥിതിസൗഹൃദ അന്തരീക്ഷത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉന്നതനിലവാരമുള്ള കാപ്പി സംസ്‌കരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കും. പദ്ധതിക്ക് കിഫ്ബി വഴി 150 കോടി വകയിരുത്തി.

കാപ്പിയുടെ ആകെ മൂല്യത്തിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത്. ഇടനിലക്കാരും വ്യവസായികളും വന്‍കിട കച്ചവടക്കാരും ചില്ലറ വില്‍പ്പനക്കാരുമെല്ലാമാണ് ബാക്കി 90 ശതമാനവും കൈക്കലാക്കുന്നത്. ഉല്‍പ്പന്നത്തിന് ന്യായമായ വില ലഭിക്കാത്തതായിരുന്നു കാപ്പി കര്‍ഷകരെ വലച്ചിരുന്നത‌്. ചെറുകിട കര്‍ഷകര്‍ക്ക് കാപ്പിക്കുരു വളരെ വേഗം വിറ്റഴിക്കേണ്ടി വരുന്നതും ചൂഷണത്തിനു വഴിയൊരുക്കുന്നു. കാപ്പി സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടി. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനാണ‌് സംസ്ഥാന സര്‍ക്കാര്‍ കോഫി പാര്‍ക്കിന‌് രൂപം നല്‍കിയത‌്.

ഭൗമസൂചികാ പദവി
ഒരു പ്രത്യേക പ്രദേശത്തിന്റെ തനിമയും സവിശേഷമായ ഗുണങ്ങളുമുള്ള ഉത‌്പന്നങ്ങള്‍ക്കോ കാര്‍ഷിക വിളകള്‍ക്കോ ആണ‌് ഭൗമസൂചികാ പദവി. വാണിജ്യ മന്ത്രാലയത്തിന‌് കീഴിലുള്ള ചെന്നൈയിലെ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ‌്ട്രിയാണ‌് പദവി നല്‍കുന്നത‌്.

നേട്ടങ്ങള്‍: 1. പ്രാദേശിക തനത് ഉല്‍പന്നത്തിന് നിയമ സംരക്ഷണം. 2. മറ്റാര്‍ക്കും അനധികൃതമായി ആ പേര‌് ഉപയോഗിക്കാനാവില്ല. 3. വിപണി വിലയും ഡിമാന്‍ഡും വര്‍ധിക്കും, 4. കയറ്റുമതി സാധ്യത വര്‍ധിക്കും.
