വന്മുകം എളമ്പിലാട് സ്‌കൂളിലെ സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി

കൊയിലാണ്ടി: ചിങ്ങപുരം വൻമുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാർലമെൻറ് മാതൃകയിൽ പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിൽ ഇലക്ട്രോണിക് വോട്ടിംങ് മെഷീന്റെ സഹായത്തോടെ നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉൾപ്പെടെ വൻ സജജീകരണങ്ങളാണ് തെരഞ്ഞെടുപ്പിന്
ഏർപ്പെടുത്തിയിരുന്നത്.
രണ്ടാഴ്ചക്കാലം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം കലാശക്കൊട്ടോട് കൂടി പരസ്യ പ്രചരണം അവസാനിപ്പിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. പ്രിസൈഡിംങ് ഓഫീസർ മുഹമ്മദ് ഫായിസിന്റ നേതൃത്വത്തിലുള്ള പോളിംങ് ഓഫീസർമാരാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ അനീവ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാർ രംഗത്തുണ്ടായിരുന്നു. ധനഞ്ജയ് എസ് വാസിന്റെ നേതൃത്വത്തിലുള്ള പോളിങ്ങ് ഏജൻറുമാർ വോട്ടേഴ്സ് സ്ലിപ്പുകൾ വിതരണം നടത്തി. തെരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ സ്കൂൾ വിഷൻ ചാനലിന്റെ പ്രത്യേക ഇലക്ഷൻ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. ചാനൽ റിപ്പോർട്ടർ ജിസഫാത്തിമ അവതാരികയായെത്തി.
വോട്ടെണ്ണി പ്രത്യേക അസംബ്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ മുഹമ്മദ് ഫായിസ് ഫലപ്രഖ്യാപനം നടത്തി.
വാശിയേറിയ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെ പരാചയപ്പെടുത്തിയ ദിയലിനീഷിനെ സ്കൂൾ ലീഡറായി പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക എൻ ടി.കെ.സീനത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. PTA പ്രസിഡൻറ് എൻ. ശ്രീഷ്ന സമർപ്പണം നടത്തി. PTA വൈസ് പ്രസിഡന്റ് കെ. സുജില പി.കെ.അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു.
