വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ഡ്രസ്സ് ബാങ്കിന് വസ്ത്രവിതരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം എൽ .പി .സ്കൂൾ വിദ്യാർത്ഥികൾ ഓണം- ബക്രീദ് ആഘോഷം നന്മയുടെ ആഘോഷമാക്കി മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവങ്ങൾക്കായി വസ്ത്രമെത്തിച്ച് കൊടുക്കുന്ന സാന്ത്വനം ഡ്രസ്സ് ബാങ്ക് പ്രതിനിധികൾക്ക് വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാരും ചേർന്ന് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറിയാണ് നന്മ ക്ലബ്ബിന്റെ വേറിട്ട ആഘോഷ പരിപാടി നടന്നത്.
ആഘോഷ വേളകളിൽ പുതുവസ്ത്രമണിയാൻ ഭാഗ്യമില്ലാത്ത കുട്ടികൾക്ക് വസ്ത്രമെത്തിക്കുക എന്ന മഹത് ഉദ്യമത്തിനാണ് വിദ്യാലയത്തിലെ നന്മ ക്ലബ്ബ് ഓണം – ബക്രീദ് ആഘോഷ ദിത്തിൽ നേതൃത്വം നൽകിയത്.
കോഴിക്കോട് നഗരത്തിൽ പാവങ്ങൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തും, പാലിയേറ്റീവ് കെയറിന് പണക്കുടുക്കകൾ കൈമാറിയതുമുൾപ്പെടെ ധാരാളം നന്മയുടെ നല്ല മാതൃകകൾ ഈ വിദ്യാലയത്തിലെ നന്മ ക്ലബ്ബ് സൃഷ്ടിച്ചിട്ടുണ്ട്.
കുട്ടികൾ ശേഖരിച്ച വസ്ത്രങ്ങൾ സാന്ത്വനം ഡ്രസ്സ് ബാങ്ക് പ്രതിനിധികളായ സഹൽപുറക്കാട്, അമീർ ഹാജി എന്നിവർക്ക് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി കൈമാറി. പി.ടി.എ.വൈസ് പ്രസിഡന്റ് കെ.സുജില അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി. വി. സുരേഷ്, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, സ്കൂൾ ലീഡർ ദിയ ലിനീഷ്, നന്മ ക്ലബ് ലീഡർ അഫ്നാസ് എൻ.എം.ടി, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത് സ്വാഗതവും, എസ്.ആർ.ജി.കൺവീനർ പി.കെ അബ്ദുഹ്മാൻ നന്ദിയും പറഞ്ഞു.
