വടകര തീരദേശ പോലീസ് സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

വടകര: തീരദേശ പോലീസ് സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒരു സി.ഐ.യും മൂന്നു എസ്.ഐ.മാരും ഉള്‍പ്പെടെ 29 തസ്തികകളാണ് അനുവദിച്ചത്. ഉടന്‍ നിയമനം നടത്തി സ്റ്റേഷന്‍ പ്രവര്‍ത്തനം താമസിയാതെതന്നെ തുടങ്ങാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മാര്‍ച്ചില്‍ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.
സി.ഐ. ആയിരിക്കും സ്റ്റേഷന്‍ ഓഫീസര്‍. കൂടാതെ മൂന്ന് എസ്.ഐ.മാര്‍, നാല് എ.എസ്.ഐ.മാര്‍, എട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 13 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുമുണ്ടാകും. സ്റ്റേഷന്റെ പരിധി സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മൊത്തം തീരദേശം സ്റ്റേഷന്റെ പരിധിയില്‍വരാനാണ് സാധ്യത.

2008-ലെ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് തീരദേശത്തെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രം അനുവദിച്ചപ്പോഴാണ് വടകരയിലും സ്റ്റേഷന്‍ കിട്ടിയത്. അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് വടകര തിരഞ്ഞെടുക്കപ്പെട്ടത്. തലശ്ശരിയിലും സ്റ്റേഷന്‍ അനുവദിച്ചിരുന്നു.

വടകര അഴിത്തലയില്‍ സാന്‍ഡ് ബാങ്ക്സ് ടൂറിസം കേന്ദ്രത്തിനു സമീപം റവന്യൂവകുപ്പ് അനുവദിച്ച സ്ഥലത്താണ് സ്റ്റേഷന്‍ കെട്ടിടം പണിതത്. 45 ലക്ഷം രൂപ ചെലവായി. 2016 ജനുവരിയില്‍തന്നെ കെട്ടിടംപണി പൂര്‍ത്തിയായിരുന്നുവെങ്കിലും ഉദ്ഘാടനം പല കാരണങ്ങളാല്‍ നീണ്ടു. യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി.

കടലില്‍ പരിശോധന നടത്തുന്നതിന് ബോട്ട് സൗകര്യം ഉള്‍പ്പെടെയുള്ളവ ഈ പോലീസ് സ്റ്റേഷനില്‍ ഉണ്ടാകും. തീരദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ക്രമസമാധാനപാലത്തിനും പോലീസിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സാന്‍ഡ് ബാങ്ക്സ് ടൂറിസം കേന്ദ്രത്തിനും പോലീസ് സ്റ്റേഷന്‍ വരുന്നത് ഗുണകരമാകും.
