വടകരയിലെ ഗ്രാമീണ മേഖലയില്‍ തരംഗമായി പി ജയരാജന്‍; നാദാപുരം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ലഭിച്ചത് ആവേശകരമായ സ്വീകരണം
കര്‍ഷക തൊഴിലാളി സമരങ്ങളുടെ ചരിത്രം പേറുന്ന നാദാപുരം മണ്ഡലത്തില്‍, ഗ്രാമീണ ജനതയുടെ ഹൃദയങ്ങള്‍ കീഴടക്കിയായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ പര്യടനം. കത്തുന്ന വെയിലിനെ അവഗണിച്ച് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്.
മുത്തുകുടകളും ബേന്റ് വാദ്യങ്ങളും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകര്‍ സ്വീകരണത്തിന് കൊഴുപ്പേകി.
ബുധനാഴ്ച്ച രാവിലെ എടച്ചേരിയില്‍ നിന്നാണ് പ്രചരണം തുടങ്ങിയത്. തൂണേരിയിലെ സ്വീകരണത്തിനു ശേഷം പ്രവാസികള്‍ ഏറെയുള്ള പാറക്കടവ് ടൗണിലായിയിരുന്നു സ്വീകരണം. തുടര്‍ന്ന് ഈന്തുള്ളതില്‍ ബിനുവിന്റെ സ്മരണ തുടിക്കുന്ന കല്ലാച്ചി പട്ടണത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പാണ്. രാത്രിയോടെ തൊട്ടില്‍പ്പാലം കോതോട്, നാദാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനം അവസാനിച്ചു.

