ലോറിയും കാറും കൂട്ടിയിടിച്ച് യുവ ഡോക്ടര്‍ മരിച്ചു

കോട്ടയം: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ തടി ലോറിയും കാറും കൂട്ടിയിടിച്ച് യുവ ഡോക്ടര്‍ മരിച്ചു. കോട്ടയം മീനച്ചില്‍ കുറിച്ചിത്താനം പാലക്കാട്ടുമല പെരുവത്ത് തോമസ് മകന്‍ ഡോ. ആകാശാണ് (26) മരിച്ചത്. ആകാശിനൊപ്പം കാറിലുണ്ടായിരുന്ന പിതാവ് തോമസ്, മാതാവ് സൂസമ്മ എന്നിവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇതില്‍ മാതാവിന്റെ നില അതീവ ഗുരുതരമാണ്.
തിരുവനന്തപുരം വെള്ളയമ്പലം പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ് സൂസമ്മ. അവര്‍ എസ്.ബി.ടി അസി. ബാങ്ക് മാനേജരായിരുന്നു. ഇവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.

ഓസ്ട്രേലിയയിലേയ്ക്ക് പോകാനായി ആകാശിനെ എയര്‍പോര്‍ട്ടിലേക്ക് വിടാനായി സ്വിഫ്റ്റ് കാറില്‍ പോകും വഴി പുല്ലുവഴിയില്‍ വച്ച് എതിരെ നിന്ന് വന്ന തടി ലോറിയിലേയ്ക്ക് നിയന്ത്രണം വിട്ട്
ഇടിച്ച് കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശിനെ രക്ഷിക്കാനായില്ല. സൂസമ്മയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ആകാശിന്റെ സഹോദരങ്ങളായ ആഷിക്, ആനന്ദ് എന്നിവര്‍ ഓസ്ട്രേലിയയിലാണ്. എം.ഡി പൂര്‍ത്തിയാക്കാന്‍ അടുത്ത മാസം ജര്‍മ്മനിയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ആകാശ് . ജര്‍മ്മനിയില്‍ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ ആകാശ് കുറച്ചു കാലം പാലായിലെ മരിയന്‍ ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്തിരുന്നു.

തുടര്‍ന്നാണ് ഉപരി പഠനത്തിന് ജര്‍മ്മനിയിലെയ്ക്ക് പോകാന്‍ തീരുമാനിച്ചത്. റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററാണ് പിതാവ് തോമസ്. ആകാശിന്റെ മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുറിച്ചിത്താനത്ത് ഇവരുടെ വീട് അടച്ചു പൂട്ടിയ നിലയിലാണ്. വിവരമറിഞ്ഞ് അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസിന്റെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കിയത്.
