KOYILANDY DIARY.COM

The Perfect News Portal

ലോക്സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; അവസാന തിയ്യതി ഏപ്രില്‍ നാല്

17ാം ലോകസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ നല്‍കാം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്താനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകള്‍ സ്വീകരിക്കുന്നത്. ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്ക് ഒരു നാമനിര്‍ദേശകന്‍ മതിയാകും.

എന്നാല്‍, അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും പത്തു നാമനിര്‍ദേശകര്‍ വേണം. സ്ഥാനാര്‍ഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാ സമര്‍പ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ.

Advertisements

ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലു സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയ്‌ക്കൊപ്പം ഫോം 26ല്‍ സത്യവാങ്മൂലവും നല്‍കണം.

സ്ഥാനാര്‍ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം.

പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്‍. അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം.

25000 രൂപയാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *