KOYILANDY DIARY.COM

The Perfect News Portal

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് ഇന്ത്യയിലാണ്

സിക്കിം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമെങ്കിലും ഹിക്കിം എന്ന് കേള്‍ക്കാന്‍ വഴി കുറവാണ്. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് എവിടെയാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് ഹിക്കിം.

സമുദ്രനിരപ്പില്‍ നിന്ന് 4440 മീറ്റര്‍ ഉയരത്തിലായി ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദൂര ഗ്രാമമാണ് ഹിക്കിം. ഹിക്കിം സാധരണ ഹിമാലയന്‍ ഗ്രാമം ആണെങ്കിലും ലിംക ബുക്ക് ഒഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുള്ള ഗ്രാമമാണ്. പക്ഷെ അത് പോസ്റ്റ് ഓഫീസിന്റെ പേരിലല്ലെന്ന് മാത്രം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.

ഹിക്കിമിലേക്ക് യാത്ര പോകാം

Advertisements

ഹിമാചല്‍ പ്രദേശിലെ സ്പിതിവാലിയിലെ പ്രധാന ടൗണുകളില്‍ ഒന്നായ കാസയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയായാണ് ഹിക്കിം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാലം ഇത്രയും പുരോഗമിച്ചിട്ടും മൊബൈല്‍ സിഗ്നലോ ഇന്റര്‍നെറ്റ് കണക്ഷ്നോ ഇല്ലാത്ത ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസിന്റെ പ്രാധാന്യം അവിടേയ്ക്ക് യാത്ര ചെയ്താല്‍ മാത്രമെ നമുക്ക് മനസിലാവുകയുള്ളു.

പോസ്റ്റ് ഓഫീസ് കഥ

1983 നവംബര്‍ അഞ്ചിനാണ് ഇവിടെ പോസ്റ്റ് ഓഫീസ് ആരംഭിച്ചത്. വര്‍ഷത്തില്‍ ആറ് മാസം മാത്രമെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളു. കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന സമയം ഈ പോസ്റ്റ് ഓഫീസ് അടയ്ക്കും. ഈ സമയം ഗ്രാമീണരെല്ലാം താഴ്വരകളിലേക്ക് പലായനം ചെയ്തിട്ടുണ്ടാകും.

കത്ത് പോകുന്ന വഴി

ഹിക്കിമില്‍ നിന്ന് കാസയിലേക്ക് കത്തുകള്‍ എത്തിക്കുന്നത് കാല്‍നടമാര്‍ഗമാണ്. ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളില്‍ ചിലര്‍ ഇവിടെ നിന്ന് പോസ്റ്റുകാര്‍ഡുകള്‍ അയക്കാറുണ്ട്. ഇവിടെ ലഭിക്കുന്ന തപാല്‍ ഉരുപ്പടികളുമായി അതിരാവിലെ തന്നെ ജീവനക്കാര്‍ കാസയില്‍ നടന്ന് എത്തും. കാസയില്‍ നിന്ന് റിക്കോംഗ് പിയോ വരെ ബസില്‍ ഉരുപ്പടികള്‍ എത്തിക്കും. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ഷിംലയിലേക്ക്. ഷിംലയില്‍ നിന്ന് എവിടേക്കോ.

ഹിക്കിമില്‍ എത്തിച്ചേരാന്‍

ഹിക്കിമില്‍ എത്തിച്ചേരാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന് കാസയില്‍ നിന്ന് ഒരു ടാക്സി വിളിക്കുക. അല്ലെങ്കില്‍ ബസില്‍ പോകുക. ബസ് എന്ന് പറഞ്ഞാല്‍ വന്നാല്‍ വന്നു പോയാല്‍ പോയി എന്ന അവസ്ഥയിലാണ്.

ബസ് യാത്ര

ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ കാസയില്‍ നിന്ന് ഹിക്കിമിലേക്ക് ബസ് പുറപ്പെടുന്നുള്ളു. ചൊവ്വാഴ്ചയും ശനിയാഴ്ചയും കാസയില്‍ എത്തിച്ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് ബസില്‍ പോകാം. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് കാസയില്‍ നിന്ന് ഈ ദിവസങ്ങളില്‍ ഹിക്കിമിലേക്ക് ബസ് പുറപ്പെടുന്നത്. ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്യണം ബസ് മാര്‍ഗം ഹിക്കിമില്‍ എത്തിച്ചേരാന്‍. ഹിക്കിമിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യണമെങ്കില്‍ ഇതല്ലാതെ വേറേ മാര്‍ഗമില്ല. നാല് മണിക്കാണ് ബസ് തിരിച്ച്‌ പോകുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *