ലിനിയുടെ മൃതദേഹം ആരോഗ്യവകുപ്പുതന്നെ സംസ്കരിച്ചു

കോഴിക്കോട്: പനിബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് അധികൃതര്‍തന്നെ സംസ്കരിച്ചു. ലിനിയുടെ കുടുംബവുമായി സംസാരിച്ചശേഷം കോഴിക്കോട് വൈദ്യുതശ്മശാനത്തിലായിരുന്നു സംസ്കാരം. നിപ വൈറസ് ബാധിച്ച് മരിച്ചവരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പരിചരിച്ചത് ലിനിയായിരുന്നു. തുടര്‍ന്ന് പനിവന്ന ലിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.
ലിനിയുടെ കാര്യത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും അസുഖം പകരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

മൃതദേഹത്തില്‍ നിപ വൈറസുണ്ടെങ്കില്‍ മുന്‍കരുതലോടെ വീട്ടിലെത്തിച്ച് സംസ്കരിക്കാമെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് സര്‍ക്കാര്‍ നേരിട്ട് സംസ്കരിച്ചതെന്നും മന്ത്രി പറഞ്ഞു.

ചെമ്ബനോട പുതുശ്ശേരി നാണുവിന്റെയും രാധയുടെയും മകളാണ് ലിനി. ബഹ്റൈനില്‍ അക്കൗണ്ടന്റായ സജീഷാണ് ഭര്‍ത്താവ്. യു.കെ.ജി. വിദ്യാര്‍ഥിയായ റിദുല്‍, സിദ്ധാര്‍ഥ എന്നിവരാണ് മക്കള്‍.

