KOYILANDY DIARY

The Perfect News Portal

റേഷൻ വിഹിതം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യന്ത്രി

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യം പുന:സ്ഥാപിക്കണമെന്ന സംസ്ഥാന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയില്‍ നിന്ന് നിരാശാജനകമായ പ്രതികരണമല്ല ലഭിച്ചത്. അനുകൂല പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ ആവശ്യമാണുള്ളത്. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ നിയമാവലി ചൂണ്ടിക്കാട്ടി രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.
എന്നാല്‍, ഭക്ഷ്യവിളകള്‍ വളരെ കുറച്ച്‌ കൃഷി ചെയ്യുന്ന കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഭക്ഷ്യധാന്യം വെട്ടിക്കുറച്ചത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് നിയമം തടസമാക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കണം. 15 ശതമാനം മാത്രമാണ് കേരളത്തില്‍ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ വേണ്ടിയാണ് കേരളത്തിന് കേന്ദ്രം പ്രത്യേകം ഭക്ഷ്യധാന്യ വിഹിതം അനുവദിച്ച്‌ പോന്നിരുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പായതോടെ കേരളത്തിന് ലഭിച്ചുവന്ന ഭക്ഷ്യവിഹിതം തടസപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ നേതാക്കളുടെ ഭീഷണി ഭയക്കുന്നില്ല. കാലം മാറിയകാര്യം ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പിണറായി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *