റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം കാര്‍ഡ് അനുവദിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷന്‍കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍കാര്‍ഡ് അനുവദിക്കുമെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ പച്ചപ്പ് നിലനിര്‍ത്തുമെന്നും പൊതു ഇടങ്ങള്‍ സ്‌ത്രീ സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നടപടികളെ കുറിച്ച് പുതുവല്‍സര ദിനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വഭേദഗതി നിയമത്തിനെതിരായി നിയമസഭ പാസാക്കിയ പ്രമേയം രാജ്യമാകെ ശ്രദ്ധനേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലര്‍ക്കും റേഷന്‍കാര്‍ഡില്ലാത്തത് വലിയപ്രതിസന്ധിയാണ്. ഇത് പരിഹരിക്കും. എല്ലാ പാവപ്പെട്ടവര്‍ക്കും ഈ വര്‍ഷംതന്നെ റേഷന്‍ കാര്‍ഡ് അനുവദിക്കും. കേരള പുനര്‍ നിര്‍മ്മിതിയില്‍ പച്ചപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കും. കേരളത്തിന്റെ വനവിസ്‌തൃതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുവര്‍ഷത്തില്‍ 37 കോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. ഊര്‍ജപ്രതിസന്ധി മറിക്കടക്കാന്‍ എല്ലാ സ്ട്രീറ്റ് ലൈറ്റുകളും എല്‍ഇഡി ആക്കും.

പൊതു ഇടങ്ങള്‍ സ്‌ത്രീ സൗഹൃദമാക്കും. സ്‌ത്രീകള്‍ക്കായി വിശ്രമകേന്ദ്രങ്ങളും സ്‌ത്രീ സൗഹൃദ ശുചിമുറികളും ഒരുക്കും. ദീര്‍ഘദൂര യാത്രചെയ്യുന്നവര്‍ക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. യാത്രക്കിടെ ഒന്നു വിശ്രമിക്കാനും പെട്രോള്‍ നിറക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി സൗകര്യവും ലഭ്യമാകുന്ന വിധമുള്ള വിശ്രമകേന്ദ്രങ്ങളാണ് നിര്‍മ്മിക്കുക. അതിനായുള്ള സ്‌ഥലങ്ങള്‍ ഉടനെ കണ്ടെത്തും. ഗ്രാമീണ റോഡുകള്‍ നവീകരിക്കും.

നിലവിലെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാഭ്യാസത്തോടൊപ്പം പാര്‍ട്ട്‌ടൈം തൊഴിലവസരത്തിനും അവസരമൊരുക്കും. വിദേശങ്ങളിലെല്ലാം ഉള്ളതുപോലെ അത്തരമൊരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തദ്ദേശ സര്‍ക്കാരുകളുടെ സേവനവും ഉപയോഗപ്പെടുത്തും. യുവാക്കള്‍ക്കായി യൂത്ത് ലീഡര്‍ അക്കാഡമി സ്‌ഥാപിക്കും.

ചില ഇടവക പള്ളികളില്‍ ശവഅടക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. മൃതദേഹം അടക്കം ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനാണ് നിയമം കൊണ്ടുവരുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ ശ്രമമാരംഭിക്കുകയും ഇരുവിഭാഗങ്ങളേയും ചര്‍ച്ചക്ക് വിളിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഒരു വിഭാഗം അതുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. കുടുംബ കല്ലറകളിലും മറ്റും സംസ്‌ക്കാരത്തിനുള്ള വിഷമതകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളിലും മറ്റും ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി സാമൂഹ്യ സന്നദ്ധ സേന രൂപികരിക്കും.. 100 പേരില്‍ ഒരാള്‍ സന്നദ്ധ സേവകനാകും വിധമാണ് സേന രൂപീകരിക്കുക. അടുത്ത മണ്‍സുണ്‍ കാലത്തിന് മുന്നേ സേനയുടെ പരിശീലനം പൂര്‍ത്തിയാക്കും. അഗ്‌നി രക്ഷാസേന, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് , എന്‍സിസി, എന്‍എസ്‌എസ് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഡയറക്‌ടറേറ്റ് ഇതിനായി രൂപീകരിക്കും.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും 10 ശതമാനം സംവരണമാണ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
