KOYILANDY DIARY.COM

The Perfect News Portal

റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍

ഡല്‍ഹി: വീണ്ടും അവസരം ലഭിച്ചാലും റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍. കത്തിലൂടെയാണ് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍ പ്രധാനമന്ത്രിയെ അറിയിച്ചതെന്നാണ് വിവരം. സെപ്റ്റംബറില്‍ മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന രഘുറാം രാജന്‍ ഗവര്‍ണറായി തുടരുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം, രഘുറാം രാജന് ഒരവസരം കൂടി നല്‍കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താല്‍പര്യമെന്നും സൂചനയുണ്ട്. രാജന്‍ ഗവര്‍ണര്‍സ്ഥാനത്ത് തുടരുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറിയും അദ്ദേഹത്തിന്റെ അടുപ്പക്കാരനുമായ അരവിന്ദ് മായാറാം നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയാണ് ഇനി അവസാന തീരുമാനമെടുക്കേണ്ടത്.

സെപ്റ്റംബറിലേ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് മോഡി അടുത്തിടെ പറഞ്ഞത്. മോഡിക്ക് രഘുറാം രാജനെ ഏറെ ഇഷ്ടമാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം രാജന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ ധനമന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഉയര്‍ന്ന പലിശ നിരക്ക് അടക്കമുള്ള നയങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ രഘുറാം രാജനെതിരെ ആരോപണങ്ങളായി രംഗത്തെത്തിയിരുന്നു. രഘുറാം രാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വാമി കത്തയക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

Advertisements

അമേരിക്കയിലെ ചിക്കാഗോയില്‍ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് മുന്‍ ഐഎംഎഫ് ഉദ്യോഗസ്ഥന്‍ കൂടിയായ രഘുറാം രാജന്‍. അവധിയെടുത്താണ് 2013ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. കാലാവധി നീട്ടുന്നില്ലെങ്കില്‍ 1992ന് ശേഷം അഞ്ച് വര്‍ഷം പദവിയിലിരിക്കാത്ത ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും രഘുറാം രാജന്‍.

Share news