റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സാന്ദ്രമോളെ അനുമോദിച്ചു

കൊയിലാണ്ടി : സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ടി വിയിൽ പരേഡ് കാണുമ്പോൾ ഭാവിയിൽ താനും ഒരിക്കൽ നാടിന്റെ അഭിമാനതാരമായി അതിൽ കണ്ണിയാവുമെന്ന് സാന്ദ്രമോൾ ധരിച്ചിരുന്നില്ല. പിന്നീട് അതൊരാഗ്രഹമായി മനസ്സിൽ സൂക്ഷിച്ചു. നിരന്തരമായ പ്രയത്നത്തിലൂടെ ഇപ്പോൾ ആ ഭാഗ്യം കൈവരിച്ച അപൂർവം പെൺകുട്ടികളിൽ ഒരാളാവുകയാണ് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും എൻ. എസ്. എസ് വളണ്ടിയറുമായ എളാട്ടേരി ലക്ഷ്മി നിവാസ് കെ. സുരേന്ദ്രന്റെയും സിന്ധുവിന്റെയും മൂത്ത മകൾ സാന്ദ്രമോൾ. 125000 പേർ പങ്കെടുത്ത രണ്ടു മാസത്തോളം നീണ്ടു നിന്ന വിവിധ തലത്തിലുള്ള പരീക്ഷകൾ മറി കടന്നാണ് സാന്ദ്ര അഭിമാന നേട്ടം കൊയ്തെടുത്തത്.
സംസ്ഥാനത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പെൺകുട്ടി കൂടിയാണ് സാന്ദ്രമോൾ. ക്ലസ്റ്റർ, ജില്ല, മേഖല, സംസ്ഥാന, ദക്ഷിണേന്ത്യ ക്യാമ്പുകളിലെ മികച്ച പ്രവർത്തനമാണ് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് സാന്ദ്രയെ നയിച്ചത്. ജനുവരി ആദ്യം ഡൽഹിയിൽ എത്തിച്ചേരണ്ടതിനാൽ ഡിസംബർ അവാസത്തിൽ ഡൽഹിയിലേക്ക് പുറപ്പെടും. മികച്ച നേട്ടംകൊയ്ത സാന്ദ്രമോളെ പ്രിൻസിപ്പൽ പി. വൽലയും, പി. ടി. എ. കമ്മിറ്റിയും അനുമോദിച്ചു. കെ ദാസൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. പി. ടി. എ പ്രസിഡണ്ട് യു.കെ ചന്ദ്രൻ, എൻ. എസ്. എസ് കോ- ഓഡിനേറ്റർ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

