KOYILANDY DIARY.COM

The Perfect News Portal

റഷ്യയിലേക്ക് സൈക്കിള്‍ ചവിട്ടി പോകുകയാണ് ഈ മലയാളി യുവാവ്

കൊച്ചി: സൈക്കിള്‍ ചവിട്ടി എവിടെ വരെ പോകാനാകും, ചോദ്യം ആലപ്പുഴക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സിസിനോടാണെങ്കില്‍ അങ്ങ് റഷ്യ വരെ എന്നാകും ഉത്തരം. അതെ, റഷ്യയിലേക്ക് സൈക്കിള്‍ ചവിട്ടി പോകുകയാണ് ഈ മലയാളി യുവാവ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു സൈക്കിള്‍ യാത്രയെക്കുറിച്ച്‌ ക്ലിഫിന്‍ ചിന്തിച്ചു തുടങ്ങിയത്. അന്ന് കൂട്ടുകാരോട് ഇതേക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ആ സ്വപ്ന യാത്രയ്ക്ക് ക്ലിഫിന്‍ തുടക്കം കുറിച്ചു. ഇറാനില്‍ നിന്ന് സൈക്കിള്‍ ചവിട്ടി ജോര്‍ജിയ, അര്‍മേനിയ വഴി റഷ്യയിലെ മോസ്കോയില്‍ അവസാനിക്കുന്ന വിധമാണ് യാത്ര പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗം ദുബായിലെത്തിയ ക്ലിഫിന്‍ അവിടെനിന്ന് ഫെറിയില്‍ കയറിയാണ് ഇറാനിലേക്ക് പോകുക. തുടര്‍ന്ന് ഇറാനില്‍ നിന്ന് സൈക്കിളില്‍ മോസ്കോ വരെ. ” എനിക്ക് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ എന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ആത്മവിശ്വാസമുണ്ടാകണം, അവര്‍ക്കും ഇത്തരത്തില്‍ യാത്ര പോകാന്‍ കഴിയുമെന്നുള്ളത്. അതിന് മറ്റൊന്നും തടസമാകില്ലെന്നതുള്ളത്” യാത്ര പുറപ്പെടും മുന്‍പ് ക്ലിഫിന്‍ സുഹൃത്തിനോട് പറഞ്ഞ വാക്കുകളാണിത്. ഈ ലക്ഷ്യം തന്നെയാണ് ക്ലിഫിന്റെ സൈക്കിള്‍ യാത്രയെ ഏറെ വ്യത്യസ്തമാക്കുന്നതും.

അഞ്ചു മാസത്തോളം നീളുന്ന ഈ ചരിത്ര യാത്രയ്ക്ക് വേണ്ട എല്ലാ ചെലവുകളും ക്ലിഫിന്‍ സ്വന്തം അദ്ധ്വാനത്തിലൂടെ കണ്ടെത്തിയതാണ്. കണക്ക് അദ്ധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹം ഓവര്‍ ടൈമിലൂടെയും ട്യുഷന്‍ ക്ലാസുകളിലൂടെയും യാത്രയ്ക്ക് വേണ്ട പണം സമ്ബാദിച്ചു. മനസില്‍ ഒരു സ്വപ്നം പോലെ കണ്ടിരുന്ന റഷ്യന്‍ യാത്ര മാത്രമായിരുന്നു ഈ സമയത്തെല്ലാം ക്ലിഫിന് ഊര്‍ജ്ജം നല്‍കിയത്. ഒരു സ്വപ്നം മാത്രമായിരുന്ന റഷ്യന്‍ യാത്ര ഒടുവില്‍ യാഥാര്‍ഥ്യമാകുമ്ബോള്‍ ക്ലിഫിന് കട്ട സപ്പോര്‍ട്ടുമായി കൂട്ടുകാരും ഒപ്പമുണ്ട്. കേരളത്തിലെ സഞ്ചാരപ്രിയരുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ക്ലിഫിന്റെ സ്വപ്ന യാത്രയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്റെ ഓരോ ദിവസത്തെ അനുഭവങ്ങളും ക്ലിഫിന്‍ പങ്കുവെയ്ക്കുമെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *