രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയില്‍

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖർജിയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. കബ്രാൾ യാർഡിൽ മുസിരിസ് ബിനാലെ സെമിനാർ ഉദ്ഘാടനം, ആസ്പിൻവാളിൽ ബിനാലെ സന്ദർശനം, ലെ മെറിഡിയനിൽ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികൾ.
ഉച്ചകഴിഞ്ഞ് 3.35ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി പിന്നീട് ഫോർട്ട് കൊച്ചിയിലേക്ക് റോഡ് മാർഗം പോകും. വൈകുന്നേരം നാലിന് കബ്രാൾ യാർഡിലെ ബിനാലെ വേദിയിലെത്തും. സുസ്ഥിര സംസ്കാര നിർമിതിയുടെ പ്രാധാന്യം – സെമിനാറിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും.

വിവിധ വേദികളിലെ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ട്രയൽ റണ്ണും നടന്നു. എഡിജിപിമാരായ ബി. സന്ധ്യ, ബി.എസ്. മുഹമ്മദ് യാസിൻ, ഐജി പി.വിജയൻ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, സബ് കളക്ടർ ഡോ. അദീല അബ്ദുള്ള എന്നിവർ വിവിധ വേദികളിലെത്തി പരിശോധനകൾ നടത്തി.

