രാഹുല്‍ വന്നതോടെ യു ഡി എഫിലേക്ക് ചാഞ്ഞ് എന്‍ എസ് എസ്

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍ ഡി എയോട് ചായ് വ് കാട്ടിയ എന്‍ എസ് എസ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന വിവരം പുറത്തുവന്നതോടെ യു ഡി എഫിനോട് അടുക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയോടും പ്രത്യേക താത്പര്യം കാണിക്കാത്ത ‘സമദൂര ‘നിലപാടെന്ന് പ്രഖ്യാപിക്കുമ്ബോഴും എന്‍.എസ്.എസ് വലതു പക്ഷത്തേക്ക് ചെറുതായി ചായുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. തങ്ങളുടെ മുഖപത്രമായ സര്‍വീസില്‍ ആണ് യു ഡി എഫിനോട് ചായ് വ് കാണിക്കുന്ന രീതിയില്‍ എന്‍ എസ് എസ് എഴുതിയത്.

പത്തനംതിട്ടയിലെയും വയനാട്ടിലെയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിറകേയാണ് യു.ഡി.എഫിലേക്ക് ചായുന്നുവെന്നു തോന്നിക്കുന്ന നിലപാട് എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസില്‍ വന്നത്. രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ എന്‍ എസ് എസിന്റെ മാറ്റം മറനീക്കി പുറത്തുവരികയും ചെയ്തു. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നടപടികള്‍ക്ക് തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തുമ്ബോഴും യു.ഡി.എഫ് യുവതീ പ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചതിനെ സര്‍വീസസിന്റെ എഡിറ്റോറിയലില്‍ വരികള്‍ക്കിടയിലൂടെ ശ്ലാഘിച്ചതാണ് എന്‍.എസ്.എസിന്റെ പുതിയ ചായ്‌വിനെ പറ്റി സൂചന നല്‍കിയത്.

യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍മസമിതി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ മുന്നണി പോരാളികള്‍ നായര്‍ സമുദായാംഗങ്ങളായിരുന്നു .നേതൃത്വത്തിന്റെ അനുമതിയില്ലാതെ നാമജപ ഘോഷയാത്രയില്‍ നായര്‍ വനിതകളൊന്നടങ്കം രംഗത്തെത്തി. അതോടെ എന്‍.എസ്. എസ് പിന്തുണ ബി.ജെ.പിക്കാണെന്ന പ്രചാരണം ശക്തമായി.

മാത്രമല്ല, മുന്നോക്ക സമുദായത്തിന് ജോലിക്കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കിയ പ്രധാനമന്ത്രിയെ കത്തിലൂടെ എന്‍ എസ് എസ് നേതാവ് സുകുമാരന്‍ നായര്‍ അഭിനന്ദിക്കുകയും ചെയ്തു. ഇതോടെ എന്‍ എസ് എസ് ബി ജെ പിയോട് അടുക്കുന്നു എന്നനിലയില്‍ വാര്‍ത്തകളും പുറത്തുവന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ ശബരിമലയുടെ കേന്ദ്ര സ്ഥാനമായ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ എന്‍.എസ്.എസ് ഇടപെടുന്നുവെന്ന വാര്‍ത്തയും പരന്നു. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം മുറുകി.
ഒടുവില്‍ ജനപിന്തുണ കണക്കിലെടുത്ത് കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ബന്ധിതമായി. എന്‍.എസ്.എസ് പ്രതീക്ഷിച്ച ആള്‍ സ്ഥാനാര്‍ത്ഥിയാകാതെ വന്നതോടെ ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തുടങ്ങിയെന്നായി പ്രചാരണം.
വയനാട്ടില്‍ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയും എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ എതിര്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്തതോടെ എന്‍.എസ്.എസ് നേതൃത്വത്തിന്റെ അകല്‍ച്ച വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.
സമദൂരം പ്രഖ്യാപനത്തിലെ വരികള്‍ക്കിടയില്‍ ഇടതു മുന്നണിയോടും ബി.ജെ.പിയോടുമുള്ള എന്‍. എസ്. എസിന്റെ അകല്‍ച്ച തെളിഞ്ഞു നില്‍ക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കള്‍. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ പന്തളം രാജകുടുംബത്തിന്റെ നിലപാടിലും മാറ്റമുണ്ടായി. ബി.ജെപിക്കായി പത്തനംതിട്ടയില്‍ പ്രചാരണം നടത്താനില്ലെന്ന് ഇതുവരെ കര്‍മസമിതിക്കൊപ്പം നിന്ന രാജപ്രതിനിധി പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
