KOYILANDY DIARY.COM

The Perfect News Portal

രാജി ഏതെങ്കിലും തരത്തില്‍ കുറ്റസമ്മതമല്ല: എ.കെ.ശശീന്ദ്രൻ

കോഴിക്കോട് > ഒരു ആവശ്യത്തിന് സമീപിച്ച യുവതിയുമായി സഭ്യേതരമായ ഭാഷയില്‍ സംസാരിച്ചെന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കുന്നതായി എ കെ ശശീന്ദ്രന്‍ അറിയിച്ചു. രാജി ഏതെങ്കിലും തരത്തില്‍ കുറ്റസമ്മതമല്ലെന്നും സര്‍ക്കാരിന്റെയും മുന്നണിയുടെയും യശസ്സും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഈ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ശരിയല്ല.  സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ കെ ശശീന്ദ്രന്‍.

ഏത് അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ചും ഏറ്റവും ശരിയായ അന്വേഷണം നടക്കണം. മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് അന്വേഷണം നേരിടുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണങ്ങള്‍ ഉയരുമെന്നതിനാലാണ് രാജി. മാത്രമല്ല, ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ ശരി തെറ്റ്  ഇപ്പോള്‍ ചിന്തിക്കുന്നില്ല. തന്റെ പേരില്‍ സര്‍ക്കാരും മുന്നണിയും ഇടതുപക്ഷ പ്രവര്‍ത്തകരും എവിടെയും തലകുനിക്കേണ്ടി വരില്ല.

തന്നെ സമീപിക്കുന്ന എല്ലാവരോടും മാന്യമായിട്ടാണ് സംസാരിക്കുന്നത്. അസാധ്യമായ കാര്യങ്ങള്‍ക്ക് സമീപിക്കുന്നവരോടും നല്ലനിലയില്‍ മാത്രമാണ് പ്രതികരിക്കുന്നത്. എന്റെ ഈ സ്വഭാവത്തെ കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു വീഴ്ച സംഭവിച്ചിട്ടില്ല. അങ്ങനൊരു തെറ്റ് ചെയ്തതായി തോന്നീട്ടില്ല. ഈ റെക്കോഡിലെ ശരി തെറ്റുകള്‍ അന്വേഷിക്കണം. ഇതിലൂടെ നിരപരാധിത്വം തെളിയിക്കാനവുമെന്ന് ഉറപ്പുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *