ജനവാസ കേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ പിടികൂടി

കോതമംഗലം : ഭൂതത്താന്‍കെട്ട് ഡാമിനു താഴെ ജനവാസ കേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ താഴെ പഴയ ഭൂതത്താന്‍കെട്ടില്‍നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് രാജവെമ്ബാല പ്രത്യക്ഷപ്പെട്ടത്. പിന്നീട് പാമ്ബ് ഒരു മരത്തിന്റെ വേരുകള്‍ക്കിടയിലെ പൊത്തില്‍ക്കയറി ഒളിച്ചു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സര്‍പ്പയജ്ഞക്കാരനും പ്രശസ്ത മജീഷ്യനും ഇപ്പോള്‍ വനം വകുപ്പില്‍ എലിഫന്റ് സ്‌ക്വാഡില്‍ താത്കാലിക ജീവനക്കാരനുമായ മാര്‍ട്ടിന്‍ മെയ്‌ക്കമാലിയുംസ്ഥലത്തെത്തി. ഒരു മണിക്കൂറിലധികം നീണ്ടു നിന്ന കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്ബ് മാര്‍ട്ടിന്റെ കൈപ്പിടിയിലായത്.

പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടുന്നത് അപകടകരമായ ദൗത്യമായിരുന്നു. വേരുകള്‍ക്കിടയിലെ പൊത്തില്‍ കല്ലും മണ്ണും മറ്റും നീക്കി പാമ്ബിനെ കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാന വെല്ലുവിളി .

ഏതാണ്ട് അര മണിക്കൂറിലേറെ സമയം ഇതിന് വേണ്ടി വന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ 10 അടിയോളം നീളമുള്ള പെണ്‍ വര്‍ഗത്തില്‍പ്പെട്ട രാജവെമ്പാലയെ മാര്‍ട്ടിന്‍ പിടികൂടി നാട്ടുകാരുടെ സഹായത്തോടെ ചാക്കിലാക്കി. തുടര്‍ന്ന് കരിമ്ബാനി വനത്തില്‍ തുറന്നു വിട്ടു.

കലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കൂടുതല്‍ പാമ്ബുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സമാന രീതിയില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തന്നെ ബന്ധപ്പെടാമെന്നും മാര്‍ട്ടിന്‍ മെയ്‌ക്ക മാലി അറിയിച്ചു.
