KOYILANDY DIARY.COM

The Perfect News Portal

രണ്ട് ഹെക്ടറോളം സ്ഥലത്തെ പുഞ്ചക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു

പേരാമ്പ്ര: സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിലെ രണ്ട് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷിയും അര ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. പ്രധാനമായും കുറ്റിയാടി ജലസേചന പദ്ധതിയെ ആശ്രയിച്ചുകൊണ്ട് പുഞ്ചക്കൃഷി ഇറക്കിവരുന്ന സീഡ് ഫാമില്‍ ഇടതുകര മെയിന്‍ കനാല്‍ തുറക്കാന്‍ ഉണ്ടായ കാലതാമ
സമാണു വിനയായത്.

ജലസേചന വകുപ്പ് അധികൃതരുമായി നേരത്തെ ബന്ധപ്പെട്ട് കനാലുകള്‍ തുറക്കുന്ന തിയ്യതി സംബന്ധിച്ചു ധാരണവരുത്തിയശേഷമാണു കൃഷി പ്ലാന്‍ ചെയ്തിരുന്നതെന്നു ഫാമിന്റെ ചുമതലയുള്ള കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു. അതനുസരിച്ചു ഞാറ്റടി തയ്യാറാക്കുകയും ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ഞാറുകള്‍ പറിച്ചുനടുകയും ചെയ്തു.

എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി വലതുകര മെയിന്‍ കനാലാണു ഡിസംബറില്‍ തുറന്നത്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ നേരത്തെ സീഡ് ഫാമിനകത്ത് തന്നെ ഒരുകുളം നിര്‍മിച്ചിരുന്നു. ഡിസംബറില്‍ കൃഷി ഇറക്കുന്ന സമയത്ത് കുളത്തില്‍ ഏതാണ്ട് ഏഴുമീറ്ററോളം വെള്ളമുണ്ടായിരുന്നു. വയലില്‍ വെള്ളം കുറഞ്ഞപ്പോള്‍ പമ്ബിങ്ങ് തുടങ്ങി. രണ്ടു ദിവസം വെള്ളം പമ്ബ് ചെയ്യുമ്ബോഴേക്കും കുളം വറ്റി. മൂന്നു എച്ച്‌.പി.യുടെ ഒരു വൈദ്യുതി മോട്ടോറും വൈദ്യുതി തകരാറുണ്ടായാല്‍ ഉപയോഗിക്കാന്‍ അഞ്ച് എച്ച്‌.പി.യുടെ ഒരു ഡീസല്‍ മോട്ടോറും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും കുളത്തില്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ ഈ മുന്‍കരുതല്‍ നടപടികളൊക്കെ പാളിയിരിക്കുകയാണ്.

ഇടതുകര കനാല്‍ രണ്ടുദിവസം മുന്‍പു തുറന്നെങ്കിലും കൈ കനാലുകള്‍ വഴി ഇവിടേക്ക് വെള്ളമെത്തിയിട്ടില്ല. കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ തുറക്കുന്നതിന്റെ അടുത്ത സമയത്ത് മാത്രമാണു ഇത്തവണ ഷട്ടറുകള്‍ താഴ്ത്തി ഡാമില്‍ വെള്ളം സംഭരിച്ചു തുടങ്ങിയത്.  ഈ പ്രാവശ്യം കനാലുകള്‍ തുറന്നപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കക്കയം ജലവൈദ്യുതി പദ്ധതിയുടെ ഉപയോഗത്തിനു ശേഷം ഒഴുകിയെത്തുന്ന വെള്ളം പെരുവണ്ണാമൂഴി ഡാമിലെ പ്രധാനപ്പെട്ട ജലസ്രോതസുകളിലൊന്നാണ്.

Advertisements

വയനാട് നേരത്തെ തന്നെ വരള്‍ച്ചയുടെ പിടിയിലമര്‍ന്ന സാഹചര്യത്തില്‍ കുറ്റിയാടി ജലവൈദ്യുതി പദ്ധതിയുടെ പ്രധാന ജലസ്രോതസായ ബാണാസുര സാഗര്‍ ഡാമില്‍ നിന്നും കാര്യമായ തോതില്‍ വെള്ളം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ കക്കയത്തു വൈദ്യുതി ഉത്പാദനം വലിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്നു വൈദ്യുതി വകുപ്പ് അധികൃതരും പറയുന്നു. ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ പുഞ്ചകൃഷി വിളവെടുക്കാന്‍ പാകമാവും വരെ കൃഷിക്ക് കനാല്‍ വെള്ളം ലഭിക്കുമൊ എന്ന ആശങ്കയിലാണു വിത്തുത്പാദന കേന്ദ്രം അധികൃതര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *