KOYILANDY DIARY

The Perfect News Portal

രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കോട്ടയം: കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപം വീടിന് മുന്നില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട കര്‍ണാടക സ്വദേശികളായ ദമ്പതിമാര്‍ പോലീസിനെ സമീപിച്ചു. പോലീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 11 മണിയോടെ കുറിച്ചി പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീടിനു മുന്നിലാണ് രണ്ടരവയസുകാരിയെ കാണപ്പെട്ടത്.

കാലിനേറ്റ മുറിവുമായി കരഞ്ഞുകൊണ്ട് നിന്ന് കുട്ടിയെ കണ്ട് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം എസ് ഐ അനൂപ് ര നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കുട്ടിക്ക് സാധിച്ചില്ല. കുട്ടിയുടെ കാലില്‍ കുപ്പിച്ചില്ല് തറച്ചതിന് സമാനമായ മുറിവുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ് സംഘം കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ഒരു മണിക്കൂറോളം നോക്കിയിരുന്നിട്ടും കുട്ടിയുടെ അവകാശികളാരും എത്താത്തതിനാല്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി.

Advertisements

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍.

എന്നാല്‍ ഉച്ചയ്ക്കുശേഷം കുട്ടിയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് കര്‍ണാടക സ്വദേശികളായ ദമ്പതിമാര്‍ ചിങ്ങവനം പോലീസ് സ്റ്റേഷനിലെത്തി. രാവിലെ ജോലിക്ക് പോകും മുമ്പ്‌ കുട്ടിയെ സമീപത്തെ വീട്ടില്‍ ഏല്‍പ്പിച്ച താണെന്നും എന്നാല്‍ ഇവിടെനിന്ന് കുട്ടി പുറത്തിറങ്ങിയതാണ് എന്നുമാണ് ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയില്‍ ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ആയിരുന്നു പോലീസ് നിലപാട്.

പോലീസ് തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ എന്ന് അവകാശപ്പെട്ട് എത്തിയവരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കി.

മതിയായ രേഖകളുമായി എത്തിയാല്‍ കുട്ടിയെ കര്‍ണാടക സ്വദേശികള്‍ക്കു തന്നെ കൈമാറുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *