രക്തം പൊടിയാതെയുള്ള സംസ്ഥാനത്തെ ആദ്യ ഓപ്പറേഷൻ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിജയകരമായി നടത്തി

കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയിൽ രക്തം പൊടിയാതെയുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. താലൂക്ക് ആശുപത്രി ഇ.എൻ.ടി. വിഭാഗമാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ഇത്തരത്തിലുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.
വടകര സ്വദേശിയായ രോഗിക്കാണ് ടോൺസിലിനായി ബ്ലഡ്ലസ് ഓപ്പറേഷൻ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലും ഇത്തരത്തിലുള്ള സംവിധാനം ഇല്ല. സ്വകാര്യ മേഖലയിൽ 75000 വും, 100000 ലക്ഷം രൂപ യുമാണ് ഇത്തരത്തിലുള്ള ഓപ്പറേഷന് ഈടാക്കുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം. സച്ചിൻ ബാബു പറഞ്ഞു.

ഇ.എൻ.ടി. വിഭാഗത്തിലെ ഡോ. സാവിത്രി, ഡോ. അജിത്, ഡോ.സിന്ധു, അനസ്തീഷ്യ ഡോ. പ്രതിഭ, ഡോ: ജനാർദ്ദനൻ ആർ.എം.ഒ. ഡോ: അസിസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ഓപ്പറേഷനാവശ്യമായ കോബ്ലേഷൻ യൂണിറ്റിന് 7 ലക്ഷത്തോളം രൂപയാണ് ചിലവ്. ഇത് താലൂക്ക് ആശുപത്രിയിൽ നേരത്തെ സജീകരിച്ചിരുന്നു.

ഇത്തരത്തിലുള്ള ഓപറേഷന് 12000 രൂപയുടെ മരുന്ന് വേണ്ടി വരും. ഇത് രണ്ട് രോഗികൾക്ക് ഉപയോഗിക്കാം. ആദ്യ തവണത്തെ മരുന്ന് ആശുപത്രിയിലെ ഡോക്ടർമാർ തന്നെയാണ് വാങ്ങിയത്. സംസ്ഥാനത്ത് ഗവ: ആശുപത്രിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഓപ്പറേഷൻ നടത്തുന്നതെന്ന് ഡോക്ടർമാർ അഭിമാനത്തോടെ പറഞ്ഞു.

