യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്ന് ടിസി വാങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്ന് ടിസി വാങ്ങി മടങ്ങി. യൂണിവേഴ്സിറ്റി കോളെജില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനാലാണ് ടിസി വാങ്ങി മടങ്ങുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
യൂണിയന്‍ ഭാരവാഹികളുടെ സമ്മര്‍ദ്ദം തന്നെയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. പക്ഷേ പഠനത്തില്‍ ശ്രദ്ധിക്കേണ്ടത് കൊണ്ട് കേസിന് ഇല്ലെന്നും പറഞ്ഞ പെണ്‍കുട്ടി തന്റെ അനുഭവം യൂണിവേഴ്സിറ്റി കോളേജില്‍ മാറ്റത്തിന് കാരണമാകട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ക്കല എസ്‌എന്‍ കോളേജിലേക്ക് മാറണമെന്ന പെണ്‍കുട്ടിയുടെ അപേക്ഷ കേരള സര്‍വ്വകലാശാല അംഗീകരിച്ച് ഉത്തരവിറക്കി. മുടങ്ങിയ പരീക്ഷയും പുതിയ കോളേജില്‍ എഴുതാം.

യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. എസ്‌എഫ്‌ഐ യൂണിയന്‍റെ നിരന്തരസമ്മര്‍ദ്ദമാണ് കാരണമെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. പക്ഷെ പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കൂടുതല്‍ രക്ഷിതാക്കള്‍ എസ്‌എഫ്‌ഐ യൂണിയനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രക്ഷിതാക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തിയ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. കൂടുതല്‍ അന്വേഷണത്തിനായി സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാംപയിന്‍ കമ്മിറ്റി സ്വതന്ത്ര ജൂഡീഷ്യല്‍ കമ്മീഷനെ വെച്ചു. അതേസമയം, ആരോപണങ്ങളെല്ലാം എസ്‌എഫ്‌ഐ നിഷേധിച്ചിരുന്നു.

