യുവാവിന്റെ ധീരത വയോധികയുടെ ജീവൻ രക്ഷിച്ചു

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യു വളണ്ടിയർ പരിശീലനം നേടിയ യുവാവിന്റെ ധീരത വയോധികയുടെ ജീവൻ രക്ഷിച്ചു. കൊയിലാണ്ടി മുചുകുന്ന് സ്വദേശി കാവുമ്പുറത്ത് മീത്തൽ ബിജു ആണ് തന്റെ സാഹസികതയിലൂടെ നാട്ടുകാരുടെ മുന്നിൽ താരമായത്. കഴിഞ്ഞ ദിവസം കൊടക്കാട്ടു മുറിയിൽ താഴെ പറമ്പത്ത് മാധവി(75) എന്ന വീട്ടമ്മ വെള്ളം കോരുന്നതിനിടയിൽ വീട്ടുപറമ്പിലെ കിണറിൽ വീഴുകയായിരുന്നു.
സുമാർ 85- അടി ആഴവും 15 അടിയിലധികം വെള്ളവുമുള്ള ആൾമറയില്ലാത്ത കിണറിൽ വയോധിക മുങ്ങിത്താഴുന്നത് കണ്ട് വീട്ടുകാരും പരിസരവാസികളും നിസ്സഹായരായി നോക്കിനിൽക്കെയാണ് രക്ഷകനായി ബിജു രംഗത്തെത്തിയത്. കിണറ്റിലേക്ക് ചാടിയിറങ്ങിയ യുവാവ് കൈയ്യിൽ കരുതിയ ലൈഫ് ബാഗിൽ സ്ത്രീയെ ബന്ധിച്ച ശേഷം വെള്ളത്തിന് മീതെ നിർത്തി ഏറെ നേരം കൽപ്പടവിൽ പിടിച്ചു നിന്നു. ഉടനെ ഫയർഫോഴ്സ് എത്തി രണ്ടു പേരേയും നെറ്റുപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.

ഫയർ ആൻറ് റസ്ക്യു വകുപ്പ് രൂപീകരിച്ച കമ്മ്യൂണിറ്റി വളണ്ടിയർ പദ്ധതിയിൽ പരിശീലനം നേടിയ ബിജു ഇതിനകം നിരവധി രക്ഷാപ്രവർത്തനത്തിലും പങ്കാളിയായിട്ടുണ്ടെന്ന് കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ പറഞ്ഞു. യുവാവിനെ ഫയർ റെസ്ക്യൂ ജീവനക്കാർ അനുമോദിച്ചു. എ.എസ്.ഒ.രമേശൻ, ലീഡിംഗ് ഫയർമാൻ ടി.കെ.രാജീവൻ, ഫയർമാൻമാരായ ജി.കെ.ബിജുകുമാർ, അഭിലാഷ്, ബിനീഷ്, സിജീഷ്, മുഹമ്മദ് ഗുൽഷാദ് എന്നിവരാണ് ഫയർ സംഘത്തിലുണ്ടായിരുന്നത്.

