യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ നാലുപേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കയ്പമംഗലം ബോര്‍ഡിനടുത്ത് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ നാലുപേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശികളായ പോത്താംപറമ്ബില്‍ വിഷ്ണു (21), ഏറുക്കാട്ടുപുരയ്ക്കല്‍ ശ്രണദേവ് (21), പച്ചാംപുള്ളി സുജിത്ത് (23), അത്തിക്കാട്ട് വീട്ടില്‍ കര്‍ണ്ണന്‍ (26) എന്നിവരെയാണ് കയ്പമംഗലം എസ്.ഐ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ബോര്‍ഡിന് കിഴക്ക് തോട്ടുങ്ങള്‍ സുരേഷിന്റെ മകന്‍ വിഷ്ണുവിനെ നിരവധി ബൈക്കുകളിലായെത്തിയ പത്തംഗ സംഘം അമ്മയുടെ മുന്നിലിട്ട് വെട്ടി പരുക്കേല്‍പ്പിച്ചത്. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈവര്‍ഷം ജനുവരിയില്‍ ചെന്ത്രാപ്പിന്നി ഈസ്റ്റ് ക്ഷേത്രത്തിലെ തൈപ്പൂയാഘോഷങ്ങള്‍ക്കിടയില്‍വച്ച് പ്രതികളില്‍ ഒരാളായ പോത്താംപറമ്ബില്‍ വിഷ്ണുവിന് കുത്തേറ്റിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന തോട്ടുങ്ങല്‍ വിഷ്ണുവിനാണ് ഇപ്പോള്‍ വെട്ടേറ്റത്.

സംഭവത്തിനുശേഷം പ്രതികള്‍ കനോലി കനാലിനടുത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ താമസിക്കുകയായിരുന്നു. പോലീസ് എത്തുന്നുണ്ടെന്നറിഞ്ഞ് ബാംഗ്ലൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വെട്ടാനുപയോഗിച്ച വടിവാള്‍, ഇരുമ്ബ് പൈപ്പുകള്‍ എന്നിവ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ 6 പ്രതികളെക്കൂടി പിടികൂടാനുണ്ട്. സീനിയര്‍ സി.പി.ഒ. സജിബാല്‍, ലാല്‍ജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
