യുവാവിനെ കുത്തിക്കൊന്ന സംഭവം: കൊല്ലപ്പെട്ടയാളുടെ കാമുകിക്കും കുടുംബത്തിനും നേരെ ആക്രമണം

കറ്റാനം : ഭര്‍ത്താവിനെ വെട്ടാന്‍ ശ്രമിച്ച സഹോദരനെ കറിക്കത്തിക്ക് ഭാര്യ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ സംസ്ക്കാര ചടങ്ങിനിടയില്‍ കാമുകിക്കെതിരേ നാട്ടുകാരുടേയും ബന്ധുക്കളുടെയും ആക്രമണം. ഇന്നലെ ഭരണിക്കാവില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ അടുപ്പക്കാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളമുണ്ടാക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 9.30 യോടെ അജീഷിന്‍റെ മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയപ്പോഴായിരുന്നു അജീഷിന്‍റെ മരണത്തിന് കാരണക്കാരിയായി ആരോപിച്ച് നാട്ടുകാര്‍ അടുപ്പക്കാരിയുടെ കുടുംബത്തിന് നേരെ തിരിഞ്ഞത്. എന്നാല്‍ വള്ളിക്കുന്നത്തു നിന്നും കുറത്തിക്കാട് സ്റ്റേഷനുകളില്‍ നിന്നുമെത്തിയ പോലീസ് അക്രമിക്കാന്‍ ശ്രമിച്ചവരെ ലാത്തിവീശിയോടിച്ചു. പിന്നീട് യുവതിയേയും ഭര്‍ത്താവിനെയും മക്കളെയും വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഒരു മണിക്കൂറോളമാണ് സ്ഥലത്ത് സംഘര്‍ഷവസ്ഥ നില നിന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ദീര്‍ഘകാലമായി തരാനുള്ള കടം തിരികെ ചോദിച്ചതിന് ഭരണിക്കാവ് തെക്കേ മങ്കുഴി പാക്കു കണ്ടത്തില്‍ പ്രശാന്തിനെ സഹോദരന്‍ അജീഷ് വടിവാള്‍ കൊണ്ട് ആക്രമിക്കാന്‍ എത്തിയത്. ഇത് കണ്ടു നിന്ന പ്രശാന്തിന്‍റെ ഭാര്യ അഞ്ജു കയ്യിലിരുന്ന കറിക്കത്തി കൊണ്ടു കുത്തുകയും ആഴത്തില്‍ മുറിവേറ്റ അജീഷ് പിന്നീട് മരണമടയുകയുമായിരുന്നു. സംഭവത്തില്‍ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അജീഷിന് മൂന്നര വര്‍ഷം മുന്പ് അഞ്ജു ഒന്നര ലക്ഷം രൂപ കടം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഈ പണം തന്‍റെ അടുപ്പക്കാരിയുടെ വീടു പണിക്കായിട്ടായിരുന്നു അജീഷ് വാങ്ങിയത്. എന്നാല്‍ മടക്കിത്തരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന പ്രശാന്ത് നാട്ടില്‍ എത്തിയപ്പോള്‍ പണം തിരികെ ചോദിച്ച് യുവതിയുമായി വഴക്കുണ്ടായി. ഇക്കാര്യം യുവതിയില്‍ നിന്നും അറിഞ്ഞ അജീഷ് ചോദിക്കാനായി പ്രശാന്തിന്‍റെ വീട്ടില്‍ എത്തുകയും അജീഷും പ്രശാന്തും തമ്മിലുള്ള വാക്കേറ്റമായി മാറുകയും ചെയ്തു.

ഭീഷണി മുഴക്കി മടങ്ങിയ അജീഷ് ഒരു കൂട്ടുകാരനുമൊത്ത് വീണ്ടും എത്തുകയും പ്രശാന്തിനെ വെട്ടാനായി വീടിനുള്ളിലേക്ക് തള്ളിക്കയറുന്പോള്‍ തടഞ്ഞ അഞ്ജുവിനെ അജീഷ് മുടിക്കു കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ കയ്യിലിരുന്ന കത്തിക്ക് അഞ്ജു അജീഷിനെ കുത്തുകയായിരുന്നു. കായംകുളം ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച അജീഷ് വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
