യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം: കൊല്ലം സ്വദേശി അറസ്റ്റിൽ

ഡല്‍ഹി:കൊല്ലം സ്വദേശിയെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തത് ബ്ലാക്ക്മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുച്ചെന്ന പരാതിയില്‍. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഇയാള്‍ വലയിലാക്കാന്‍ ശ്രമിച്ചത് ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടിയെയായിരുന്നു. അഖില്‍ അജയന് (26) ആണ് അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയെത്തുടര്‍ന്നാണിത്. ഫേസ്ബുക്ക് സുഹൃത്തായ യുവാവ് മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും അയച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ആവശ്യപ്പെടുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. പണം നല്കാന് തയ്യാറായില്ലെങ്കില്‍ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചു കൊടുക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.

പരാതിക്കാരന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത് ബ്രസീലിലേക്ക് പോകാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. ബ്രസീലിലുള്ള ഒരു പെണ്‍കുട്ടിയെയും ഇയാള്‍ കബളിപ്പിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ തുര്ക്കിയില്പോയി അവിടെവച്ച് ബ്രസീല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും 6,000 അമേരിക്കന്‍ ഡോളര്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.ഇയാള്‍ മറ്റു പല തട്ടിപ്പുകളും നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കിയ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന വിവരം ലഭിച്ചത്. സൗഹൃദം നടച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാണ് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

