യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതിയായ എസ്ഐ അറസ്റ്റില്‍

കൊയിലാണ്ടി: പയ്യോളി – യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതിയായ എസ്ഐ അറസ്റ്റില്‍. കോഴിക്കോട് റൂറല്‍ എ.ആര്‍. ക്യാമ്പിലെ എസ്ഐ തിക്കോടി ചിങ്ങപുരം `അമ്മൂസി’ല്‍ ജി.എസ്. അനിലി (53) നെയാണ് പയ്യോളി പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയാക്കിയതായും മര്‍ദ്ദിച്ചതായും കാണിച്ച് യുവതി ഇന്നലെയാണ് പയ്യോളി സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീഡനം തുടങ്ങിയത് പയ്യോളിയില്‍ എസ്ഐ ആയിരുന്ന സമയത്തായിരുന്നെന്ന് യുവതിയുടെ മൊഴി.
2017 സപ്തംബര്‍ മുതല്‍ നിരവധി തവണ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. 2017 ജൂണ്‍ മാസത്തില്‍ പ്രതി ജി.എസ് അനില്‍ പയ്യോളി സ്റ്റേഷനില്‍ എസ്ഐ ആയി ജോലി ചെയ്യുന്നതിനിടെയായാണ് യുവതിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പരാതിയുമായി റൂറല്‍ ജില്ലാ പോലീസ് ഓഫീസില്‍ എത്തിയപ്പോള്‍ പയ്യോളി സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് എസ്ഐ ആയിരുന്ന അനില്‍ വക്കീലിനെ ഏര്‍പ്പാടാക്കി കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ യുവതിക്ക് ചെയ്തു കൊടുത്തു. പിന്നീട് യുവതിയുമായി ഫോണ്‍ വഴി ബന്ധം സ്ഥാപിച്ച് അതേ വര്‍ഷം സപ്തംബര്‍ 10 നു യുവതിയെ പയ്യോളി ബസ്സ്റ്റാണ്ടില്‍ നിന്നും കാറില്‍ കയറ്റി തലശ്ശേരിയിലെ ലോഡ്ജില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തതായാണ് പരാതി.
ഇവിടെ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് ഇയാള്‍ യുവതിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി പറയുന്നു. യുവതിയുടെ അഞ്ച് വയസ്സുള്ള മകനെ കൊല്ലുമെന്നും മകന് നേരെ ആസിഡ് ഒഴിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
