യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം

കല്‍പ്പറ്റ: ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി. നടന് തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡുകളും യുവതി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.
കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴിയും രേഖപ്പെടുത്തി.

കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന് തന്നോട് സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്റെ ഫോണ്‍ രേഖകളും തെളിവായി അന്വേഷണസംഘത്തിന് യുവതി നല്കി. ഈ തെളിവടക്കം പരിഗണിച്ച് നടനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ സൈബര്‍സെല്‍ വഴിയും ശേഖരിക്കുന്നുണ്ട്.

വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെകുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിനായകന്റെ അഭിഭാഷകന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തി.

