യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകില്ലായിരുന്നു: കെ അജിത

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് നടക്കില്ലായിരുന്നുവെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു.
“പ്രമുഖരെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് അറസ്റ്റ് ഉണ്ടായതെന്നാണ് എന്റെ വിശ്വാസം. ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു. കേസ് കോടതിയില്‍ തെളിയിക്കുന്നതിലും ഈ ശുഷ്കാന്തി ഉണ്ടാകണം. വിചാരണ നടത്തുമ്പോള്‍ കൃത്യമായി തെളിവുകള്‍ നിരത്താന്‍ പൊലീസിന് കഴിയണം”- അവര്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്വാധീനത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഈ കേസ് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആരെയെങ്കിലും നിയോഗിക്കണം. മാതൃകപരമായി നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ശിക്ഷ നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ പൂര്‍ണമായും വിജയമായെന്ന് പറയാം. കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ജാഗ്രതയുണ്ടാകണം. കേരളത്തിലെ പൊലീസ് മനസുവെച്ചാല്‍ ഏതു കേസും തെളിയിക്കാന്‍ കഴിയും.

അക്രമത്തിനിരയായ നടി നല്ല രീതിയില്‍ ഉറച്ചുനിന്നു എന്നതാണ് അഭിമാനകരമായ കാര്യം. നടിയുടെ പ്രശ്നത്തില്‍ ‘വിമണ്‍ ഇന്‍ കലക്ടീവ്’ ശക്തമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഐസ്ക്രീം പാര്‍ലര്‍ പോലുള്ള കേസുകളില്‍ ഇരയായവര്‍ക്ക് അതിനുള്ള കഴിവില്ലാത്തതുകൊണ്ട് ആ കേസുകള്‍ എവിടെയും എത്തിയില്ലെന്നും അജിത പറഞ്ഞു.

