യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കോഴിക്കോട്> പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും
താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. ഈ മാസം 30 വരെയാണ് റിമാന്‍ഡിലാണ് ഇരുവരും.
ഇവരുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനെ നിസാരമായി കാണാനാവില്ല. ഇത് പുറമെക്കാര്‍ക്ക് ലഭിക്കില്ല. മാവോയിസ്റ്റ് പാര്‍ടിയുടെ സംഘടനാ രൂപം, പ്രവര്‍ത്തന രീതി എന്നിവ സംബന്ധിച്ചവയാണ് ഇവ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ബാനറുകള്‍ കണ്ടെത്തി. അടുത്തിടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട ഈ സാമഗ്രികള്‍ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നുവെന്നാണ് പൊലിസ് പറയുന്നതെന്നും കോടതി പറഞ്ഞു.

അലന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.ഇവരുടെ കൂടെയുണ്ടായിരുന ഉസ്മാന്‍ എന്നയാള്‍ 10 കേസുകളില്‍ പ്രതിയാണ്. യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായിപൊലീസ് അറിയിച്ചു. അലനേയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശി ഉസ്‌മാനെയാണ് പൊലീസ് തിരയുന്നത്. ഓടി രക്ഷപ്പെടുന്നതിനിടെ അയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നും മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

