മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്ത് കൊണ്ടാണ് വൈകിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഉത്തരവ് ഇറക്കാന്‍ വൈകിയതിന് കൃഷിമന്ത്രി ഇന്നലെ പരസ്യമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുന്നതാണ് പതിവെന്ന് വി എസ് സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവിന് ഏഴ് മാസം ഇനിയും കാലവധിയുണ്ടന്ന് ചീഫ് സെക്രട്ടറിയുടെ പ്രതികരണം. അതേസമയം ഒരു കര്‍ഷകനെതിരെയും ജപ്തി നടപടി ഉണ്ടാകില്ലെന്നും ഉത്തരവ് ഇറങ്ങാത്തത് സാങ്കേതികം മാത്രമാണെന്നും കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വലിയ തീരുമാനങ്ങള്‍ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് ഉത്തരവ് ഇറക്കാത്തെതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവ് അനുസരിച്ച് കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഈ വര്‍ഷം ഒക്ടോബര്‍ 11 വരെ ഉണ്ട്. അതിനാല്‍ പുതിയ ഉത്തരവ് വൈകിയാലും കര്‍ഷകര്‍ക്ക് അതിന്‍റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് ചീഫ് സെക്രട്ടറി വിശദീകരിച്ചത്.

