മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിലെ കലാപ്രതിഭകള്‍ക്ക് സ്വീകരണം നല്കി

വടകര: കോഴിക്കോട് ജില്ലയുടെ കലാകിരീടത്തിന് 75 പോയിന്റുകള്‍ സംഭാവന ചെയ്ത് ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിച്ച മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിലെ കലാപ്രതിഭകള്‍ക്ക് വടകര പട്ടണത്തിലും, മേമുണ്ട അങ്ങാടിയിലും പൗരസ്വീകരണം നല്കി. ജില്ലയിലും, സംസ്ഥാനത്തും ഏറ്റവും പോയിന്റ് നേടിയ വിദ്യാലയങ്ങളില്‍ ഒന്നായി മാറിയ മേമുണ്ട സംസ്ഥാന കലോത്സവത്തില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്.
ഹൈസ്ക്കൂള് ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി നാടകം, പൂരക്കളി, ദഫ്മുട്ട്, ദേശഭക്തിഗാനം, കഥാപ്രസംഗം, കഥകളി സംഗീതം, മലയാള പ്രസംഗം, അഷ്ടപദി, ഓട്ടന്തുള്ളല്, ലളിതഗാനം, വീണ, ഇംഗ്ലീഷ് സ്കിറ്റ്, ശാസ്ത്രീയ സംഗീതം, ഉറുദു ക്വിസ്സ് എന്നിങ്ങനെ 15 ഇനങ്ങളില്‍എ ഗ്രേഡ് കരസ്ഥമാക്കി. മലയാള നാടക മത്സരത്തില്‍ മികച്ച നടനായി ഒന്‍പതാം തരം വിദ്യാര്‍ത്ഥി അഷിനെയും തിരഞ്ഞെടുത്തു.

സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത അന്നപ്പെരുമ എന്ന നാടകത്തില്‍ ബംഗാളി യുവാവിന്റെ വേഷമാണ് അഷിന്‍ ചെയ്തത്. നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ച്ചയായി ഇരുപതാം വര്‍ഷമാണ് ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ പൂരക്കളി മത്സരത്തില്‍ മേമുണ്ട സംസ്ഥാനത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്നത്.

പൗരസ്വീകരണം സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനന്, പിടിഎ പ്രസിഡണ്ട് എം ഭാസ്ക്കരന്‍, പ്രിന്‍സിപ്പാള്‍ പികെ കൃഷ്ണദാസ്, ഹെഡ്മാസ്റ്റര് ടിവി രമേശന് മാസ്റ്റര്‍, മാനേജര്‍ ടിവി ബാലകൃഷ്ണന് നമ്ബ്യാര്‍, രക്ഷിതാക്കള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, പിടിഎ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ , കലാപ്രതിഭകള്‍, അധ്യാപകര്‍, ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ വര്‍ണ്ണശഭളമായ ഘോഷയാത്രയില്‍ അണിനിരന്നു.

