മേപ്പയ്യൂർ GVHSSന് ഗാന്ധിചെയർ അവാർഡ്
മേപ്പയ്യൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയർ അവാർഡ് മേപ്പയ്യൂർ GVHSSന് മന്ത്രി ആർ. ബിന്ദു സമർപ്പിച്ചു. ഒരു വിദ്യാലയത്തിന് ആദ്യമായാണ് ഗാന്ധി ചെയർ അവാർഡ് ലഭിക്കുന്നത്. പ്രിൻസിപ്പൽ ഡോ. അൻവർ ഷമീം, പി.ടി.എ. പ്രസിഡൻ്റ് കെ. രാജീവൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ‘‘ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സ്വാധീനം, ഒരു വിദ്യാലയം ഗാന്ധിയുടെ ആത്മകഥ വായിക്കുന്നു’’ എന്ന 106 ദിവസം നീണ്ടുനിന്ന സർഗാത്മക പരമ്പരയുടെ സംഘാടനത്തിനാണ് അവാർഡ്.

വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. ഗാന്ധി ചെയർ കോ-ഓർഡിനേറ്റർ പി. പ്രേമരാജൻ, പ്രൊ. വൈസ് ചാൻസലർ ഡോ. എം. നാസർ, ആർ.എസ്. പണിക്കർ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ആത്മകഥയുടെ 106 പ്രതികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.




                        
