മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രകൃതി വര്‍ണജാലം ശ്രദ്ധേയമായി

മേപ്പയ്യൂര്‍: കാടും മരങ്ങളും വെട്ടിത്തെളിച്ച് മനുഷ്യന്റെ വിവേകശൂന്യമായ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികള്‍ക്കെതിരേ വിവിധ കലാപ്രകടനങ്ങളെ ഒന്നിപ്പിച്ച് പരിസ്ഥിതി സന്ദേശവും അവബോധവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ‘പ്രകൃതി വര്‍ണജാലം’ ശ്രദ്ധേയമായി.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഗീതവും ചിത്രരചയും മായാജാലവും ഒരേ വേദിയില്‍ അവതരിപ്പിച്ചാണ് പ്രകൃതി സൗന്ദര്യത്തിന്റെ വിവിധഭാവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയത്. ജില്ലയിലെ പ്രശസ്തരായ ചിത്രകലാധ്യാപകരായ സതീഷ് പാലോറ, സുരേഷ്ഉണ്ണി, ഉസ്മാന്, ബവീഷ് ഇല്ലത്ത് എന്നിവര്‍ പ്രത്യേകം തയ്യാറാക്കിയ കാന്‍വാസില്‍ ചിത്രം വരച്ചു.

മാന്ത്രീകന്‍ രാജീവ് മേമുണ്ട പരിസ്ഥിതി ജാലം അവതരിപ്പിച്ചു. സ്കൂള്‍ ഗായകസംഘത്തിലെ അംഗങ്ങളായ ആനന്ദ്, അക്ഷയ, നീലാംബരി, യുക്ത എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. രാജീവന് അധ്യക്ഷനായ ചടങ്ങില്‍ ഡോ. സോമന് കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സുധാകരന് എം.എം, നിത. കെ, ഗീത. ടി.കെ, ശ്രീജിത്ത്. കെ.കെ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രിജിത്ത് വിയ്യൂര്‍, കെ. ഗൗതമന് എന്നിവര്‍ സംസാരിച്ചു.

