മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫാന്‍ ഉപയോഗിക്കുന്നതിന് രോഗികളില്‍നിന്ന് 25 രൂപ ഈടാക്കുന്നു
തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫാന്‍ ഉപയോഗിക്കുന്നതിന് രോഗികളില്‍നിന്ന് 25 രൂപ ഈടാക്കുന്നു. തൊറാസിക് സര്‍ജറി പ്രോഗ്രസീവ് കെയര്‍ യൂണിറ്റ് ഐസിയുവില്‍ കഴിയുന്ന രോഗികളോടാണ് ഈ ക്രൂരത. മനുഷ്യാവകാശ കമീഷന് കേസെടുത്തു.
ഐസിയുവിലെ ശീതീകരണസംവിധാനം കേടായിട്ട് രണ്ടുമാസമായി. ഇത് അറ്റകുറ്റപ്പണി നടത്താതെ, രോഗികളെക്കൊണ്ടുതന്നെ ഫാന്‍ വാങ്ങിപ്പിച്ചശേഷം ഉപയോഗിക്കാന്‍ 25 രൂപവീതം ഫീസ് ഈടാക്കുകയാണ്. കൊടുംചൂട് വിറ്റ് കാശാക്കാന്‍ 3000 രൂപവരെ വിലയുള്ള പെഡസ്റ്റല്‍ ഫാനുകളാണ് വാങ്ങിപ്പിച്ചത്. ഫാന്‍ ഉപയോഗിക്കാന്‍ ആശുപത്രി വികസന സൊസൈറ്റിയില്‍ 25 രൂപ അടച്ച് രസീത് വാങ്ങണം. ഈ രസീതും ഫാന്‍ വാങ്ങിയതിന്റെ ബില്ലും സഹിതം പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തായത്.

അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി നോട്ടീസ് അയച്ചു.

