KOYILANDY DIARY.COM

The Perfect News Portal

മെട്രോയുടെ ആദ്യഘട്ടം മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ എത്തിഎത്തിക്കണം മുഖ്യമന്ത്രി

കൊച്ചി > മെട്രോയുടെ ആദ്യഘട്ടം പാലാരിവട്ടം വരെയെന്നത് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ എത്തിക്കുന്നതിനുള്ള സാധ്യത ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ റെയില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് നിര്‍വഹണ ഏജന്‍സികളുടെ പ്രഥമ കര്‍ത്തവ്യം. അനുബന്ധ പദ്ധതികളിലേക്ക് ശ്രദ്ധ വ്യതിചലിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മെട്രോ റെയിലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ തിരിച്ചടക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോ റെയില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് കെഎംആര്‍എല്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കണം. ഉടമകളുമായി ചര്‍ച്ച ചെയ്ത് സ്ഥലത്തിന് വില നിശ്ചയിച്ച് ഏറ്റെടുക്കുന്ന മുന്‍മാതൃക പിന്തുടരണം. മെട്രോയുടെ ആദ്യഘട്ടം പാലാരിവട്ടം വരെ മാത്രം മെട്രോ എത്തിയാല്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നത് വാഹനക്കുരുക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ വിശദമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യപാദത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ മാര്‍ച്ചിലും മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള രണ്ടാം പാദം ജൂണിലും പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. 5200 കോടി രൂപയുടെ പദ്ധതിയില്‍ 3425 കോടി രൂപയോളമാണ് ഇതിനകം ചെലവഴിച്ചത്.

Advertisements

നിര്‍ദിഷ്ട വാട്ടര്‍ മെട്രോ പദ്ധതി 2019ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആധുനികസൗകര്യങ്ങളോടുകൂടിയ 38 ജെട്ടികളുടെ നിര്‍മാണവും 100 കിലോമീറ്റര്‍ തീരദേശ റോഡു വികസനവും ഇതോടനുബന്ധിച്ച് കെഎംആര്‍എല്‍ ഏറ്റെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് യോഗത്തില്‍ വിശദീകരിച്ചു. മെട്രോയില്‍ ടിക്കറ്റുകള്‍ നല്കുക, ഉപഭോക്തൃസേവനം, വൃത്തിയാക്കല്‍, പാര്‍ക്കിങ് തുടങ്ങിയവയുടെ നടത്തിപ്പു ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ചും അധികൃതര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു.

ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) പ്രവീണ്‍ ഗോയല്‍, മുന്‍ എം.പി പി. രാജീവ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *